India - 2025

എല്ലാ രംഗത്തും കര്‍ഷകന്‍ അവഗണിക്കപ്പെടുന്നു: മാര്‍ ജോര്‍ജ് ഞരളക്കാട്ട്

26-03-2019 - Tuesday

തലശേരി: എല്ലാ രംഗത്തും കര്‍ഷകന്‍ അവഗണിക്കപ്പെടുകയാണെന്നും വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന സര്‍ക്കാരുകള്‍ പാവപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തളളാന്‍ തയാറാകണമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനം തലശേരി സന്ദേശ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാനുള്ള ശ്രമം ഒരുഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഒരുമിച്ചുനിന്ന് പോരാടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് വിജയം കൈവരിക്കാനാകുകയുള്ളൂ. വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് കര്‍ഷകരെ ആവശ്യമില്ലെന്ന മനോഭാവമാണുള്ളത്. ഏതു പ്രതിസന്ധിയിലും കര്‍ഷകര്‍ കൃഷിരംഗത്തുനിന്നു പിന്മാറരുതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പും ഇന്‍ഫാം രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷക പ്രകടനപത്രിക പ്രകാശനവും അവകാശ പ്രഖ്യാപനവും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുഴി, ദേശീയ സെക്രട്ടറി ജോസഫ് കാര്യാങ്കല്‍, സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, സംസ്ഥാന ട്രഷറര്‍ സണ്ണി അരഞ്ഞാണി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്‌കറിയ നെല്ലംകഴി, വൈസ് പ്രസിഡന്റ് കരോളിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഏബ്രഹാം മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന നേതൃപരിശീലനത്തില്‍ ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍ ഫാ. സെബാന്‍ ഇടയാടിയില്‍ ക്ലാസെടുത്തു.

More Archives >>

Page 1 of 234