News - 2024

ദുഃഖവെള്ളി ആചരണത്തിനിടെ സ്പെയിനില്‍ വന്‍ ആക്രമണത്തിന് പദ്ധതി: ഇസ്ലാമിക തീവ്രവാദി പിടിയില്‍

സ്വന്തം ലേഖകന്‍ 20-04-2019 - Saturday

സെവില്ല: വിശുദ്ധവാരാചരണത്തോടനുബന്ധിച്ച് സ്പെയിനിലെ ആന്തലൂസിയയില്‍ നടന്നു വരാറുള്ള സെമാനാ സാന്താ പരിഹാര പ്രദിക്ഷണത്തിനിടെ വന്‍ സ്ഫോടനം നടത്തുവാന്‍ ഒരുങ്ങിയിരിന്ന ഇസ്ലാമിക തീവ്രവാദിയുടെ പദ്ധതി പോലീസ് തകര്‍ത്തു. സ്പെയിന്‍-മൊറോക്കോ ഭീകരവിരുദ്ധ സ്ക്വാഡിന്റെ സംയുക്ത ഓപ്പറേഷനിലാണ് സൗഹൈര്‍ എല്‍ ബൌദിദി എന്ന മൊറോക്കോ സ്വദേശിയും ഇസ്ലാമികാ വിശ്വാസിയുമായ ഇരുപത്തിമൂന്നുകാരന്‍ പിടിയിലായിരിക്കുന്നത്. പരേഡിനിടയില്‍ ഒറ്റക്ക് സ്ഫോടനം നടത്തുവാനായിരുന്നു ഇയാളുടെ പദ്ധതി.

സ്പെയിനില്‍ ഈസ്റ്റര്‍ പ്രദക്ഷിണങ്ങളില്‍ ആക്രമണം നടത്തുമെന്ന്‍ പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികള്‍ നേരത്തെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരു അക്രമി പിടിയിലായിരിക്കുന്നത്. മൊറോക്കന്‍ പോലീസുമായി ചേര്‍ന്ന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ‘പോലീസിയ നാസിയൊണല്‍’ തീവ്രവാദി താമസിച്ചിരുന്ന സ്ഥലത്ത് കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള പരിശോധനകള്‍ നടത്തിവരികയാണ്. അതേസമയം പരിഹാര പ്രദിക്ഷിണങ്ങള്‍ക്ക് നേരെ തീവ്രവാദി ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടുകൊണ്ട്‌ സുരക്ഷ ശക്തമാക്കുവാന്‍ സ്പെയിന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ഈസ്റ്റര്‍ പരേഡുകള്‍ക്ക് പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേകിച്ച് പൊതു ഗതാഗത കേന്ദ്രങ്ങളിലും, മതസ്മാരകങ്ങളിലും കൂടുതല്‍ ഭീകരവിരുദ്ധ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിശ്വാസ സാക്ഷ്യമാണ് ആന്തലൂസിയന്‍ നഗരമായ സെവില്ലായിലെ സെമാന പരിഹാര പ്രദിക്ഷണം. ഏതാണ്ട് പത്തുലക്ഷത്തോളം പേരാണ് ദുഃഖവെള്ളിയാഴ്ചയിലെ ഈ പരിഹാര പ്രദിക്ഷിണത്തില്‍ പങ്കെടുക്കുന്നത്.


Related Articles »