News - 2025

പുനരുത്ഥാനത്തിന്റെ സ്മരണയില്‍ ലോകം

സ്വന്തം ലേഖകന്‍ 21-04-2019 - Sunday

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി.

ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം 1.30) ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ബസലിക്കയുടെ മുന്‍വശത്തുള്ള മദ്ധ്യ മട്ടുപ്പാവില്‍ നിന്നുകൊണ്ട് റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും.


Related Articles »