News

കണ്ണീരായി ശ്രീലങ്കന്‍ ക്രൈസ്തവരുടെ മൃതസംസ്കാരം

സ്വന്തം ലേഖകന്‍ 24-04-2019 - Wednesday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മൃതശരീരം തീരാകണ്ണീരിനോടുവില്‍ സംസ്ക്കരിച്ചു. 45 കുട്ടികള്‍ ഉള്‍പ്പെടെ 321 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം ഇന്നലെയാണ് ആദ്യത്തെ സംസ്‌കാരം നടന്നത്. നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ പതിനൊന്നു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം സെമിത്തേരിയിലേക്കു എത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കു പുറമേ നിരവധിപ്പേര്‍ ഹൃദയം നൊന്ത് കരഞ്ഞു. ചെറിയ ശവപ്പെട്ടികള്‍ കുഴിയിലേക്കു മാറ്റിയപ്പോള്‍ മിക്കവരും ശബ്ദമടക്കി കരയുകയായിരിന്നുവെന്ന്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് നെഗോംബോ നഗരത്തിലെത്തി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മീൻപിടുത്തക്കാർ വലിയൊരു ശതമാനമുള്ള കത്തോലിക്ക വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ സംസ്കാരശുശ്രൂഷകളിൽ പങ്കെടുക്കാൻ ആയിരത്തോളം ആളുകൾ എത്തിയിരുന്നു. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈദികരോട് മറ്റ് ശുശ്രൂഷാ ചടങ്ങുകൾ ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »