News - 2024

സഹായവുമായി സംഘടനകള്‍: തകർന്ന ദേവാലയം പുനര്‍നിർമ്മിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ

സ്വന്തം ലേഖകന്‍ 27-04-2019 - Saturday

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ തകർന്ന ശ്രീലങ്കയിലെ പ്രശസ്തമായ സെന്റ് ആന്റണീസ് ദേവാലയം പുനർനിർമ്മിക്കുമന്ന് ശ്രീലങ്കൻ സർക്കാറിന്റെ ഉറപ്പ്. കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്തിന്റെ ആത്മീയ നേതൃത്വത്തിൽ ശ്രീലങ്കയിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസയാണ് പുനർനിർമാണത്തിന് ചുക്കാന്‍ പിടിക്കുക. പാരീസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയത്തിൽ തീപിടുത്തമുണ്ടായപ്പോൾ കത്തീഡ്രൽ പുനർ നിർമാണത്തിന് വേണ്ടി സാമ്പത്തിക സഹായം സ്വീകരിച്ച മാതൃകയിൽ പണം സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും, പരിക്കേറ്റവർക്കും, ദേവാലയ പുനർനിർമാണത്തിനുമായി ആറ് ലക്ഷം യൂറോ സാമ്പത്തിക സഹായമെങ്കിലും സ്വീകരിക്കാനാണ് ഇതിനു പിന്നിലെ ക്യാമ്പയിൻ ലക്ഷ്യംവയ്ക്കുന്നത്. തകർന്ന മൂന്ന് ദേവാലയങ്ങൾക്കായി 100,000 ഡോളർ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് നൽകും. ശ്രീലങ്കയിലെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി നെറ്റ്സ് ഓഫ് കൊളംബസിന്റെ അധ്യക്ഷന്‍ കാൾ ആൻഡേഴ്സൺ തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണം ജീവന്റെ പ്രാധാന്യത്തിനും മനുഷ്യാവകാശങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും വിലകൽപ്പിക്കാത്തവർ നടത്തിയ ആക്രമണമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മത സമൂഹമായ ക്രൈസ്തവർക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കും സുരക്ഷയൊരുക്കാൻ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്താണ് കുറിപ്പ് അവസാനിക്കുന്നത്. നേരത്തെ ഹംഗറി ഗവണ്‍മെന്‍റ് ശ്രീലങ്കന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി 31000 ഡോളറിന്റെ സഹായം അനുവദിച്ചിരിന്നു.


Related Articles »