News - 2024

ഭീഷണി വകവെക്കാതെ ശ്രീലങ്കയിൽ പൗരോഹിത്യ സ്വീകരണം

സ്വന്തം ലേഖകന്‍ 02-05-2019 - Thursday

കൊളംബോ: ഇസ്ലാമിക ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വകവെക്കാതെ രാജ്യത്തു തിരുപ്പട്ട ശുശ്രൂഷ നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നാമുനേയ് എന്ന ഗ്രാമത്തിലാണ് പൗരോഹിത്യ സ്വീകരണം നടന്നത്. തിരുപ്പട്ടത്തിനുള്ള ക്ഷണം നേരത്തെ നല്‍കിയിരിന്നതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചതു പോലെ തന്നെ പട്ടം സ്വീകരണം നടത്തുകയായിരുന്നു. അതേസമയം ക്ഷണം നൽകിയവരിൽ വളരെക്കുറച്ച് ആളുകൾ മാത്രമാണ് പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയത്. ദേവാലയത്തിന് സമീപത്തു മുസ്ലീം മതസ്ഥർ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു ചാവേർ ആക്രമണങ്ങളുടെ സൂത്രധാരൻ സഹറാൻ ഹാഷിം മറ്റു മതങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിരുന്നതെന്നതും ശ്രദ്ധേയമാണ്.

ഇതേ തുടര്‍ന്നു അതീവ സുരക്ഷയാണ് ദേവാലയത്തിനു ചുറ്റും ഏർപ്പെടുത്തിയിരുന്നത്. ഏതാണ്ട് മുന്നൂറോളം പേര്‍ വരുന്ന സുരക്ഷസേനയാണ് ദേവാലയത്തിനു ചുറ്റും തമ്പടിച്ചത്. ചാവേർ ആക്രമണങ്ങൾക്കു ശേഷം ശ്രീലങ്കയിൽ നടന്ന ആദ്യത്തെ പരസ്യ കുർബാനയായിരിക്കാം ഇതെന്ന് ഫാ. നോർട്ടൺ ജോൺസൺ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. താൻ ഉൾപ്പെടെയുള്ള പലർക്കും പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭയമായിരുന്നുവെന്നും എന്നാൽ തങ്ങൾക്ക് മികച്ച സുരക്ഷ ലഭിച്ചുയെന്നും വൈദികന്‍ കൂട്ടിച്ചേർത്തു.

സഹറാൻ ഹാഷിം നേതൃത്വം നൽകിയിരുന്ന തീവ്രവാദി സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിനെ ശനിയാഴ്ച ശ്രീലങ്കൻ സർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ശ്രീലങ്കൻ സർക്കാർ നിരോധിച്ചു. ആക്രമണത്തെ തുടര്‍ന്നു 100 പേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് ഇസ്ലാമിക സ്റ്റേറ്റിനോട് ബന്ധമുണ്ടെന്ന് സ്ഥിരീകരണമായിട്ടില്ലായെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തുവന്നിരുന്നു. ഇതിനിടെ ഐ‌എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ വീഡിയോ പുറത്തുവന്നു. ശ്രീലങ്കൻ ആക്രമണത്തെ ഐഎസ് തലവൻ വീഡിയോയിൽ അഭിനയിക്കുന്നുണ്ട്.


Related Articles »