News - 2025
കെനിയ കമ്മ്യൂണിസ്റ്റ് ചൈനയുടെ മാമ്മോദീസത്തൊട്ടിയാകുന്നു
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
നെയ്റോബി: സ്വന്തം ദേശത്ത് കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന ചൈനീസ് പൗരന്മാർക്ക് ആഫ്രിക്കന്‍ രാജ്യമായ കെനിയ മതസ്വാതന്ത്ര്യത്തിന്റെ പുതിയ മരുപ്പച്ചയാകുന്നു. കച്ചവടരംഗത്തും, ആരോഗ്യ പരിപാലന രംഗത്തും, കെനിയയിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതിയായ റെയില്‍വേ പദ്ധതിയിലുമായി ആയിരകണക്കിന് ചൈനീസ് സ്വദേശികളാണ് കെനിയയിലുള്ളത്. ഇവര്‍ ഓരോരുത്തരും കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നും തങ്ങളുടെ ജീവിതം കെനിയയിലേക്ക് പറിച്ചു നട്ടു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയിരകണക്കിന് ചൈനീസ് കുടിയേറ്റക്കാരാണ് കെനിയയില്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്. ചൈനീസ് കുടിയേറ്റക്കാര്‍ക്ക് മതസ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ജാലകമാണ് കെനിയ. തങ്ങളുടെ രാജ്യത്ത് നിഷേധിക്കപ്പെട്ട മതസ്വാതന്ത്ര്യമാണ് ചൈനീസ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ 80 ശതമാനം ക്രിസ്ത്യാനികള്‍ ഉള്ള കെനിയയില്‍ ലഭിക്കുന്നത്. നിരവധി ചൈനക്കാര്‍ കെനിയന്‍ സ്ത്രീകളെയാണ് വിവാഹം ചെയ്യുന്നത്. ഒരിക്കല്‍ കമ്മ്യൂണിസവുമായി ബന്ധപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ ക്രിസ്തുവുമായി അടുത്തുകൊണ്ടിരിക്കുകയാണ്. കെനിയന്‍ രാഷ്ട്രീയത്തിന്റെ ജീവരക്തം തന്നെ ഇപ്പോള്‍ ക്രൈസ്തവ വിശ്വാസമാണ്.
ക്രൈസ്തവരെ രാജ്യത്തിന് ഒരു ഭീഷണിയായി കാണുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് അപകടം പിടിച്ച കാര്യമാണെന്നാണ് ചൈനയില്‍ നിന്നും കെനിയയിലെത്തിയ ജോനാഥന്‍ ചോ പറയുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദേവാലയങ്ങള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും, ബൈബിള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിരിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യം തിരിച്ചു സ്വദേശത്തു ചെന്നാല്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് കെനിയയിലെ ചൈനീസ് ക്രിസ്ത്യന്‍ സമൂഹം.
ഈ നൂറ്റാണ്ടില്‍ ഏതാണ്ട് പത്തുലക്ഷത്തോളം ചൈനക്കാരാണ് ആഫ്രിക്കയിലെത്തിയിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. കെനിയയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയാണ് ചൈന. കോടിക്കണക്കിനു രൂപയാണ് ചൈന പല പദ്ധതികള്‍ക്കുമായി കെനിയയിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയില്‍ നിന്ന്‍ നിരവധി പേര്‍ കെനിയയിലേക്ക് കുടിയേറുന്നത്. അതേസമയം കടുത്ത മതപീഡനം നടക്കുന്നുണ്ടെങ്കിലും, 2030 ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ രാജ്യമായി ചൈന മാറുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.