News - 2025
ശ്രീലങ്കയില്‍ പരസ്യ ദിവ്യബലിയര്‍പ്പണം മേയ് അഞ്ചിന് പുനരാരംഭിക്കും
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
കൊളംബോ: ഭീകര ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും കരകയറുന്ന ശ്രീലങ്കയില്‍ മേയ് അഞ്ച് ഞായര്‍ മുതല്‍ പരസ്യമായ ദിവ്യബലിയര്‍പ്പണം പുനരാരംഭിക്കും. ആരംഭഘട്ടത്തില്‍ ഏതാനും ദേവാലയങ്ങളിലാണ് ബലിയര്‍പ്പണം നടക്കുക. തുടര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ ദേവാലയങ്ങളില്‍ ബലിയര്‍പ്പണം പുനഃരാരംഭിക്കും. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷയുടെ ഭാഗമായി പള്ളിക്കുള്ളില്‍ ബാഗുകള്‍ അനുവദിക്കില്ലായെന്നും ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികള്‍ പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരെയും പരിശോധിച്ച് അപകടകാരികളല്ലെന്ന് ഉറപ്പുവരുത്തുമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. നേരത്തെ ദേവാലയങ്ങളില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി പിന്‍വലിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വസതിയിലെ ചാപ്പലില്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം അര്‍പ്പിച്ച അനുസ്മരണാ ദിവ്യബലിയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് രാജപക്‌സെ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരിന്നു. തത്സമയ സംപ്രേഷണം വിവിധ ചാനലുകളില്‍ നടന്നപ്പോള്‍ വിശ്വാസികള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ മുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.