News - 2024

അനാവശ്യ സംഭാഷണം ഒഴിവാക്കി ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ബാര്‍ബര്‍മാരോട് പാപ്പ

സ്വന്തം ലേഖകന്‍ 03-05-2019 - Friday

റോം: അനാവശ്യ സംഭാഷണങ്ങളും പരദൂഷണങ്ങളും ഒഴിവാക്കി ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ബാര്‍ബര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. സമചിത്തതയോടെ പ്രവര്‍ത്തിക്കുക വഴി പൊതുനന്മക്കായി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ഇടപാടുകാരോട് നല്ല രീതിയില്‍ പെരുമാറുകയും, പ്രചോദനാല്‍മകമായി സംസാരിക്കുകയുമാണ്‌ വേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 29ന് റോം സന്ദര്‍ശിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ നാമധേയത്തിലുള്ള ഇറ്റാലിയന്‍ കത്തോലിക്കാ അസോസിയേഷന്‍ അംഗങ്ങളായ ബ്യൂട്ടീഷന്‍മാരോടും കേശാലങ്കാര വിദഗ്ദരോടും സംസാരിക്കുകയായിരുന്നു പാപ്പ.

ജോലി സ്ഥലത്ത് സ്വന്തം ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നിങ്ങളുടെ മാധ്യസ്ഥ വിശുദ്ധന്‍ നിങ്ങളെ അനുഗ്രഹിക്കുമെന്നും പാപ്പാ പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെറു സ്വദേശിയായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസാണ് കേശാലങ്കാരക്കാരുടെ മാധ്യസ്ഥ വിശുദ്ധന്‍. അദ്ദേഹത്തിന്റെ പിതാവ് സ്പെയിന്‍ സ്വദേശിയും, മാതാവ് കറുത്ത വംശജയായ സ്ത്രീയുമായിരുന്നു. ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരാളായിരിന്നു വിശുദ്ധന്‍.

കഠിനമായ ജീവിത സാഹചര്യങ്ങളില്‍ പോലും തന്റെ എളിമ കൈവിടാതെ ജീവിക്കുവാനും സ്നേഹം പരത്തുവാനും, താന്‍ ജോലിചെയ്തിട്ടുള്ള ഫാര്‍മസിയില്‍ നിന്നും, ബാര്‍ബര്‍-സര്‍ജനായി സേവനം ചെയ്തതില്‍ നിന്നും ലഭിച്ച കഴിവുകള്‍ പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുവാനും വിശുദ്ധന് കഴിഞ്ഞുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. എല്ലാറ്റിനുമുപരിയായി ക്രിസ്തീയ വഴിയിലൂടെ ജീവിത മാര്‍ഗ്ഗം മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന്‍ ആശംസിച്ചുകൊണ്ടാണ് പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.


Related Articles »