News - 2025
വീണ്ടും ഭീഷണി: ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം ഇനിയും നീളും
സ്വന്തം ലേഖകന്‍ 03-05-2019 - Friday
കൊളംബോ: വരും ദിവസങ്ങളില്‍ ഭീകരാക്രമണങ്ങൾക്കു കൂടുതല്‍ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്നു മെയ് അഞ്ചിന് ബലിയര്‍പ്പണം പുനഃരാരംഭിക്കുവാനുള്ള ശ്രീലങ്കന്‍ സഭയുടെ നീക്കം താത്ക്കാലികമായി റദ്ദാക്കി. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരസ്യമായ പ്രാർത്ഥനകളോ ദിവ്യബലിയോ സംഘടിപ്പിക്കാൻ പാടില്ലെന്നാണ് നിര്‍ദ്ദേശം. വരുന്ന ഞായാറാഴ്ച മുതൽ ബലിയര്‍പ്പണത്തിനായെത്തുന്നവരെ കര്‍ശന പരിശോധനകളോടെ ദേവാലയത്തില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാനായിരിന്നു സഭാനേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ സഭയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് രഞ്ചിത്ത് മാല്‍ക്കത്തെ കൂടാതെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്‌സെ എന്നിവരടക്കം നിരവധി പേര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. റംസാന് മുന്‍പ് അടുത്ത ആക്രമണം നടത്തുവാന്‍ ഇസ്ളാമിക തീവ്രവാദികള്‍ തയാറെടുക്കുന്നതായാണ് പുതിയ വിവരം.
