India - 2025
സന്ദീപ് നായിക്: കന്ധമാല്‍ പീഡനത്തില്‍ നിന്ന് എ പ്ലസ് നേടിയ മിടുക്കന്‍
സ്വന്തം ലേഖകന്‍ 07-05-2019 - Tuesday
കൊച്ചി: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടും വീടും ഒരുപോലെ കത്തിച്ചാമ്പലാകുന്നതിന്റെ ദയനീയ കാഴ്ചയില്‍ നിന്ന്‍ ഓടിമറയുമ്പോള്‍ ഒഡീഷ സ്വദേശികളായ കിഷോര്‍ കുമാറിന്റെയും ജൂലിമ നായിക്കിനും പുതിയ ഒരു ജീവിതം ഉത്തരം കിട്ടാത്ത ചോദ്യമായിരിന്നു. എന്നാല്‍ കഠിനാധ്വാനത്തിലൂടെ കുറിച്ച അതിജീവനത്തിന്റെ വിജയഗാഥ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതായിരിന്നു ഇന്നലത്തെ സുദിനം. അവരുടെ മകന്‍ സന്ദീപ് കുമാര്‍ നായിക് എന്ന കൊച്ചു മിടുക്കന്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരിക്കുന്നു.
2008ല്‍ കന്ധമാലില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട കലാപമാണ് സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്യുവാന്‍ കിഷോര്‍ കുമാറിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. പിന്നീട് കേരളത്തിലെത്തിയ ഇവര്‍ക്ക് എറണാകുളത്തു കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ അഭയമാകുകയായിരിന്നു. എറണാകുളം അങ്കമാലി അതിരൂപത കിഴക്കമ്പലം ഞാറള്ളൂരില്‍ നിര്‍മിച്ച കാരുണ്യ വില്ലയില്‍ ഭവനം സമ്മാനിച്ച സഭാനേതൃത്വം, സന്ദീപിന് എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ അഡ്മിഷനും ഒരുക്കി.
ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ റോസിലി ജോണിന്റെയും മറ്റു സന്യാസിനിമാരുടെയും പ്രോത്സാഹനം കുടുംബത്തിനു വഴിക്കാട്ടിയായപ്പോള്‍ കിഷോറിന്റെ കുടുംബം പുതുജീവിതം ആരംഭിക്കുകയായിരിന്നു. സിഎസ്ടി വൈദികരുടെ നേതൃത്വത്തിലുള്ള ഹോസ്റ്റലില്‍ താമസിച്ചായിരുന്നു സന്ദീപിന്റെ പഠനം. കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഇതരസംസ്ഥാന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ഒഡീഷ സ്വദേശി സന്ദീപ് കുമാര്‍ നായിക് തിളങ്ങിയിരിക്കുന്നത്. തന്റെ ജീവിതത്തിന് പ്രോത്സാഹനമായ അധ്യാപകരോടും വൈദികരോടും സന്യാസിനികളോടും വലിയ കടപ്പാടുണ്ടെന്നു സന്ദീപ് പറഞ്ഞു.
