News - 2024
എയിഡ്‌സ് രോഗികളായ കുട്ടികളുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക സംഘടന
സ്വന്തം ലേഖകന്‍ 07-05-2019 - Tuesday
ന്യൂഡൽഹി: ഭാരതത്തിലെ എയിഡ്‌സ് ബാധിതരായ വിദ്യാർത്ഥികൾക്ക് സംരക്ഷണ കവചമൊരുക്കി കത്തോലിക്ക സംഘടനയുടെ നിസ്തുലമായ സേവനം. എയിഡ്‌സ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും പിന്തുണയും നല്‍കികൊണ്ടാണ് 'കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ' ശുശ്രൂഷയുടെ മഹത്തായ അധ്യായം രചിക്കുന്നത്. എയ്ഡ്‌സ് രോഗികളുടെ ആരോഗ്യ-സാമൂഹിക-മാനസിക പിന്തുണ നൽകുന്നതിനായി വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍ ദേശീയ മെത്രാന്‍ സമിതിയോട് ചേര്‍ന്ന് 'ചായ്' നടപ്പിലാക്കുന്നുണ്ട്.
ചായിയുടെ സഹായത്തോടെ 1,032 കുട്ടികളാണ് പുതിയ ജീവിതത്തിലേയ്ക്ക് ഇതിനോടകം പ്രവേശിച്ചിരിക്കുന്നത്. എട്ടു വയസുകാരനും അവന്റെ സഹോദരിയുമാണ് ഏറ്റവും ഒടുവില്‍ ചായിയുടെ സഹായത്തോടെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നതെന്ന്‍ ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തിൽ നിന്നും വേർതിരിവ് നേരിടുന്ന ഇത്തരം കുട്ടികൾക്ക് അഭയം നൽകുകയാണ് 'ചായ്'യുടെ ഉത്തരവാദിത്വമെന്ന് സംഘടനയുടെ അധ്യക്ഷന്‍ ഫാ. അബ്രഹാം വ്യക്തമാക്കി.
വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് സഹായം എത്തിച്ചു നൽകാന്‍സംഘടനയ്ക്ക് പദ്ധതിയുണ്ടെന്നും രാജ്യത്തിന്റെ ഭാവി തലമുറയായ ഓരോ കുട്ടികൾക്കും ലഭിക്കുന്ന അവകാശങ്ങൾ എയ്ഡ്‌സ് ബാധിതരായവർക്കും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1943 ൽ ആരംഭിച്ച സംഘടനയിൽ എഴുപത്തിയാറായിരം അംഗങ്ങളാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ ആയിരത്തിലധികം സന്യസ്തരായ ഡോക്ടർമാരാണ് ഗ്രാമപ്രദേശങ്ങളിൽ സേവനം ചെയുന്നതെന്നതും ശ്രദ്ധേയമാണ്.