India - 2025
എടത്വ തിരുനാളില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍ 08-05-2019 - Wednesday
എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതരൂപവും വഹിച്ചുകൊണ്ടു തിരുനാള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍. കന്യാകുമാരി, ചിന്നമുട്ടം എന്നിവിടങ്ങളിലെ തുറയില്‍ നിന്നുള്ളവരായിരുന്നു തിരുസ്വരൂപം വഹിച്ചത്. ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പുണ്യരൂപം ദര്‍ശിക്കാനും പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി ലക്ഷക്കണക്കിനു വിശ്വാസികളാണ് എത്തിയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടന്നത്.
രാവിലെ ആറിനു ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും ഉച്ചകഴിഞ്ഞു മൂന്നിനു പാളയം കോട്ടൈ രൂപത മെത്രാന്‍ മാര്‍ ജൂഡ് പോള്‍ രാജിന്റെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടന്നു. പ്രദക്ഷിണത്തിനുശേഷം അവകാശ നേര്‍ച്ചകളായ അരി, മലര്‍, വെളിച്ചെണ്ണ, പൂമാല, വലയില്‍ ചേര്‍ക്കുന്നതിനുള്ള തലനൂല്‍ എന്നിവ വികാരി ഫാ. മാത്യു ചൂരവടിയുടെ കൈയ്യില്‍നിന്നു വാങ്ങിയാണ് കന്യാകുമാരി, ചിന്നമുട്ടം എന്നീ തുറയില്‍ നിന്നുള്ളവര്‍ മടങ്ങിയത്. തമിഴ് മക്കള്‍ മടങ്ങിയതോടെ ഇന്നുമുതല്‍ നാട്ടുകാരുടെ തിരുനാള്‍ ആരംഭിക്കും. എട്ടാമിടം മേയ് 14നാണ്. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും.
