News - 2024

ലോകത്തിന് പുതിയ സുവിശേഷ പ്രഘോഷകരെ ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 09-05-2019 - Thursday

വത്തിക്കാന്‍ സിറ്റി: സ്ലാവിക് ജനതയുടെ ഇടയിൽ സുവിശേഷം എത്തിച്ച വിശുദ്ധ സിറിലിനെയും, വിശുദ്ധ മെതോഡിയസിനെയും പോലെ ക്രൈസ്തവ സുവിശേഷ വൽക്കരണത്തിനു പുതിയ ആളുകളെ ലോകത്തിന് ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശന വേളയിലാണ് ബർഗേറിയയിലേയ്ക്കും, ഉത്തര മാസിഡോണിയയിലേയ്ക്കും നടത്തിയ അപ്പസ്തോലിക സന്ദർശനത്തെ കേന്ദ്രീകരിച്ചു സുവിശേഷവത്ക്കരണത്തിന്റെ ആവശ്യകതയെ പറ്റി ഫ്രാൻസിസ് പാപ്പ പങ്കുവെച്ചത്. ആവേശമുള്ള സര്‍ഗ്ഗാത്മക ശക്തിയുള്ള വചനപ്രഘോഷകരെ ഇന്ന്‍ ആവശ്യമുണ്ടെന്നും അവരെ കൊണ്ട് ഇത് വരെ സുവിശേഷം എത്താത്ത മേഖലകളിലും ക്രിസ്തീയ വേരുകള്‍ ഉണങ്ങിയ ഇടങ്ങളിലും നനവ് പകരാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ബൈബിളും ആരാധനാക്രമ പുസ്തകങ്ങളും സ്ലാവിക് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത വിശുദ്ധ സിറിലും വിശുദ്ധ മെതോഡിയസും തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവ് ഉപയോഗിച്ച് ക്രിസ്തീയ സന്ദേശം സ്ലാവിക് ജനതയിലേക്ക് എത്തിക്കുകയായിരിന്നുവെന്നും പാപ്പ സ്മരിച്ചു. നേരത്തെ ബൾഗേറിയ സന്ദർശനത്തിനിടയിൽ സോഫിയയിലുള്ള ഓർത്തഡോക്സ് ദേവാലയത്തിൽ പാപ്പ എത്തിയപ്പോള്‍ രാജ്യത്തെ സുവിശേഷവത്ക്കരണത്തിനായി കഠിന പ്രയത്നം നടത്തിയ വിശുദ്ധ സിറിലിന്റെയും വിശുദ്ധ മെതോഡിയസിന്റെയും ചിത്രത്തിനു മുന്നിൽ ഏതാനും നിമിഷങ്ങൾ പാപ്പ പ്രാർത്ഥിച്ചിരിന്നു.


Related Articles »