News

റോമിനെ ഇളക്കിമറിച്ച് മാർച്ച് ഫോർ ലൈഫ് റാലിയിൽ പതിനായിരങ്ങൾ

സ്വന്തം ലേഖകന്‍ 20-05-2019 - Monday

റോം: ഇറ്റലിയിലെ റോമിനെ ഇളക്കിമറിച്ച് നടന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പ്രോലൈഫ് റാലി ആയാണ് ഇത്തവണത്തെ റാലിയെ ഏവരും വിലയിരുത്തിയത്. അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബര്‍ക്ക്, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച് ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ കത്തോലിക്കാ സഭയിലെ പ്രമുഖർ പ്രോലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു.

എണ്ണത്തിനെക്കാൾ ഉപരിയായി തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ധാർമികവും, ഭരണപരവുമായ ഒരു പോരാട്ടത്തിലാണെന്ന അവബോധം ആളുകളിൽ വർഷം തോറും വർദ്ധിക്കുന്നതിനാണ് പ്രസക്തിയെന്ന് മാർച്ച് ഫോർ ലൈഫ് റാലിയുടെ അധ്യക്ഷയായ വെർജീനിയ കോഡാ ന്യൂൺസിയാന്റെ പറഞ്ഞു.



അർജന്റീന മുതൽ ബ്രസീൽ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഉണർവിനെ പറ്റി വെർജീനിയ കോഡാ ന്യൂൺസിയാന്റെ പരാമർശിച്ചു. ഭ്രൂണഹത്യ പൂർണമായി വിലക്കിയ അമേരിക്കൻ സംസ്ഥാനമായ അലബാമയുടെ നടപടിയെയും അവര്‍ പ്രശംസിച്ചു. ഒരു കുഞ്ഞിനെ പോലും അമ്മയുടെ ഉദരത്തിൽ വച്ച് നശിപ്പിക്കാൻ സമ്മതിക്കുകയില്ലായെന്നും വെർജീനിയ പറഞ്ഞു.

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ജീവൻ വെടിഞ്ഞു വിശുദ്ധ പദവിയിലെത്തിയ വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ പെൺമക്കളായ ജിയന്നയും, ഇമ്മാനുവേലയും റാലിയിൽ പങ്കെടുക്കാൻ എത്തിയത് ശ്രദ്ധേയമായി. ജീവന്റെ റാലിയില്‍ അണിചേരുന്നതിനായി അമേരിക്ക, പോളണ്ട്, ജർമനി, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നായി നിരവധി പേർ റോമിൽ എത്തിച്ചേർന്നിരുന്നു.


Related Articles »