News - 2024

ട്രംപിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാങ്ക്‌ലിൻ ഗ്രഹാം

സ്വന്തം ലേഖകന്‍ 28-05-2019 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടി ജൂൺ രണ്ടാം തീയതി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ച് ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്‌ലിൻ ഗ്രഹാം. തന്നെ പിന്തുടരുന്ന വിശ്വാസികൾക്ക് ഇ-മെയിൽ സന്ദേശത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയുമാണ് ഫ്രാങ്ക്‌ലിൻ ട്രംപിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. രാജ്യത്തെ ഇരുന്നൂറ്റിഅന്‍പതോളം ക്രൈസ്തവ നേതാക്കളോടൊപ്പം ട്രംപിനു വേണ്ടി പ്രാർത്ഥിക്കാനായി ഒരു പ്രത്യേക ദിവസമായി ജൂൺ രണ്ടാം തീയതി മാറ്റിവെയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഗ്രഹാം എഴുതി.

ട്രംപിന്റെ എതിരാളികൾ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, പ്രസിഡന്‍റ് പദവിയെയും തകർക്കാൻ ശ്രമിക്കുകയാണ് എന്നതാണ് പ്രാർത്ഥനയ്ക്കായി ഒരു ദിവസം മാറ്റിവെക്കാനുള്ള ആഹ്വാനത്തിന് പിന്നിലുള്ള കാരണമായി ഗ്രഹം ചൂണ്ടിക്കാട്ടുന്നത്. ചരിത്രത്തിൽ മറ്റൊരു പ്രസിഡന്റും ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടില്ലായെന്ന് ഫ്രാങ്ക്‌ലിൻ ഗ്രഹാം ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തി. പ്രാർത്ഥിക്കാനായി തയ്യാറാകുന്നവർ തങ്ങളുടെ തീരുമാനം കമന്റ് ബോക്സിൽ എഴുതിയിടാനും ഗ്രഹം നിർദേശിച്ചു. "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌." എന്ന പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിലെ വാക്യം കുറിച്ചാണ് ഫ്രാങ്ക്‌ലിൻ ഗ്രഹാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അധികാരത്തിലേറിയ നാള്‍ മുതല്‍ അമേരിക്കയില്‍ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കാനും ബൈബിളിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും വേണ്ടി നിര്‍ണ്ണായകമായ രീതിയില്‍ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന ആളാണ് ഡൊണാള്‍ഡ് ട്രംപ്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായി കരുതപ്പെടുന്ന ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യത്തിന് ശേഷം ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയിരിന്നു.

മാരക പാപമായ ഗര്‍ഭഛിദ്രം തടയാന്‍ അദ്ദേഹം നടത്തിയ ഭേദഗതികള്‍ ഗര്‍ഭഛിദ്ര മാഫിയയെ ചൊടിപ്പിച്ചിരിന്നു. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം ട്രംപിനെ മാധ്യമങ്ങളില്‍ ആക്രമിക്കുന്നത് പതിവ് സംഭവമായി മാറുകയായിരിന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഫ്രാങ്ക്‌ലിൻ ഗ്രഹാം പ്രാര്‍ത്ഥനക്ക് ആഹ്വാനം ചെയ്തതായി വിലയിരുത്തപ്പെടുന്നത്.


Related Articles »