News - 2024

ഇന്തോനേഷ്യയിലെ ആദ്യത്തെ കത്തോലിക്ക സര്‍വ്വകലാശാലക്ക് ആരംഭം

സ്വന്തം ലേഖകന്‍ 28-05-2019 - Tuesday

ഫ്ലോര്‍സ്: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ ആദ്യത്തെ കത്തോലിക്ക സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ മെയ് 26ന് റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ്‌ ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രിയായ മൊഹമ്മദ്‌ നാസിറാണ് 'സെന്റ്‌ പോള്‍ കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യ' എന്ന പേരിലുള്ള സര്‍വ്വകലാശാലയുടെ ഉദ്ഘാടന കര്‍മ്മം ഫ്ലോറെസ് ദ്വീപില്‍ നിര്‍വഹിച്ചത്. ‘വൈവിധ്യങ്ങള്‍ക്കിടയിലും സാഹോദര്യം കാത്തുസൂക്ഷിക്കുവാനുള്ള ഒരു പൊതു ഇടമായിരിക്കണം’ സര്‍വ്വകലാശാലയെന്നു മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ സര്‍വ്വകലാശാലയുടെ വരവോടെ പ്രാദേശിക സര്‍ക്കാറും, കത്തോലിക്ക സഭയുടെ പ്രവര്‍ത്തന മേഖലയിലെ വിദ്യാഭ്യാസത്തിന്റെ പുരോഗതിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മതസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയും, മതതീവ്രവാദത്തിനെതിരെ പോരാടുകയും ചെയ്യുന്ന ബിരുദധാരികളെ വേണം സര്‍വ്വകലാശാല വാര്‍ത്തെടുക്കുവാനെന്ന് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരേയും പുരോഹിതന്‍മാരേയും ഓര്‍മ്മിപ്പിക്കുവാനും അദ്ദേഹം മറന്നില്ല.

ഭാവി തലമുറകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക, മാനവശേഷിയുടെ ഗുണനിലവാരം ഉയര്‍ത്തുക വഴി സര്‍ക്കാരിന്റെ പരിപാടികളെ പിന്തുണക്കുക എന്ന സഭയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് സര്‍വ്വകലാശാലയെന്നു റൂട്ടെങ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് സില്‍വസ്റ്റര്‍ സ്റ്റാന്‍ പറഞ്ഞു. സുവിശേഷം പ്രഘോഷിക്കുകയെന്ന സഭാ ദൗത്യത്തിന്റെ ഒരു ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശവാസികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ പരിപാടികള്‍ സര്‍വ്വകലാശാല വികസിപ്പിച്ചെടുക്കുമെന്നു അദ്ധ്യാപകരില്‍ ഒരാളായ ഫാ. മാക്സ് റേഗസ് പറഞ്ഞു.

കിഴക്കന്‍ നുസാ ടെന്ഗാര പ്രവിശ്യയിലെ ഫ്ലോര്‍സിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന റൂട്ടെങ് രൂപതയുടെ കീഴിലാണ് പുതിയ സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക. സെന്റ്‌ പോള്‍ ടീച്ചര്‍ ട്രെയിനിംഗ് കോളേജിന്റേയും സെന്റ്‌ പോള്‍ ഹെല്‍ത്ത് സയന്‍സ് അക്കാദമിയും ഒരുമിപ്പിച്ചാണ് പുതിയ സര്‍വ്വകലാശാല നിലവില്‍ വരുത്തിയിരിക്കുന്നത്.നിര്‍ധന ഭവനങ്ങളില്‍ നിന്നുമായി ഏതാണ്ട് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പഠിക്കുന്നത്.


Related Articles »