India - 2025
ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിന്റെ സ്ഥാനാരോഹണം ജൂണ്‍ എട്ടിന്
സ്വന്തം ലേഖകന്‍ 29-05-2019 - Wednesday
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ജൂണ്‍ എട്ടിന് ചുമതലയേല്‍ക്കും. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ രാവിലെ 7.30ന് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദിവ്യബലിയര്‍പ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് അനുമോദന സമ്മേളനം നടക്കും.
പത്തനംതിട്ട കടമ്മനിട്ട സെന്റ് ജോണ്‍സ് ഇടവകാംഗമായ മാര്‍ ഐറേനിയോസ് 1978 ഡിസംബറില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ അധ്യാപകനും അഞ്ചല്‍ സെന്റ് ജോണ്‍സ്, മാര്‍ ഈവാനിയോസ് കോളജുകളില്‍ പ്രിന്‍സിപ്പലും ആയിരുന്നു. 2010 ല്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പത്തനംതിട്ട രൂപതയില്‍ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ചുമതലയേറ്റത്. രൂപത സ്ഥാപിതമായ 2010 മുതല്‍ അധ്യക്ഷനായിരുന്ന യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അന്നേ ദിവസം വിരമിക്കും.
