News

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം: കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ്

സ്വന്തം ലേഖകന്‍ 29-05-2019 - Wednesday

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുമെന്ന ക്രൈസ്തവരുടെ ആശങ്കകള്‍ ശരിവെച്ചുകൊണ്ട് ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ പതിവായ ഛത്തീസ്ഗഡിലെ സുകുമാ ജില്ലയിലെ ബോഡിഗുഡാ ഗ്രാമത്തിലെ മൂന്നു ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ആക്രമണത്തിനിരയായത്. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല എന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന്‍ ഇരകള്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്.

ഏതാണ്ട് മുന്നൂറോളം പേര്‍ അടങ്ങുന്ന ഹിന്ദു മതമൗലീകവാദികളുടെ സംഘമാണ് ആക്രമണത്തിന്റെ പിന്നില്‍. സരിയം ഇര്‍മാ, ഉര്‍മാ ഡെറ്റാ, പടം സുപാ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വീടുകള്‍ കൊള്ളയടിച്ച ശേഷം മേല്‍ക്കൂരകള്‍ തകര്‍ക്കുകയും, വീട്ടുകാരോട് ഗ്രാമം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഭിഭാഷകന്റെ സഹായത്തോടെ കുടുംബങ്ങള്‍ പോലീസില്‍ പരാതിപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യുവാന്‍ പോലും പോലീസ് കൂട്ടാക്കിയില്ലെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡമിന്റെ (ADF) എ.സി മൈക്കേല്‍ പറഞ്ഞു.

കേസ് കൊടുക്കുന്നതിനു പകരം അക്രമികളുമായി ഒത്തുത്തീര്‍പ്പാക്കുവാന്‍ ചിലര്‍ പ്രേരിപ്പിച്ചതായും, അവസാനം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ പോയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മൈക്കേല്‍ പറഞ്ഞു. വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന ഉറപ്പ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന്‍ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസം രാജ്യത്തുനിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന അതിക്രമവും എന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »