News - 2024

ബെനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ സ്ഥാനത്തേക്ക് മലയാളി വൈദികന്‍

സ്വന്തം ലേഖകന്‍ 30-05-2019 - Thursday

റോം: ഇറ്റലിയിലെ റോം ആസ്ഥാനമായിട്ടുള്ള സില്‍വസ് ട്രോ ബെനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്റെ ആബട്ട് ജനറല്‍ സ്ഥാനത്തേക്ക് ആദ്യമായി മലയാളി വൈദികന്‍. കഴിഞ്ഞ 6 വര്‍ഷമായി വയനാട് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തിനെ പ്രതിനിധാനം ചെയ്ത് ജനറല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന റവ.ഡോ.ആന്റണി പുത്തന്‍പുരക്കലാണ് ആബട്ട് ജനറലായി തെരഞ്ഞടുക്കപ്പെട്ടത്. ഇന്നലെ റോമില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരിന്നു നിയമനം. ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഫാ.ആന്റണി പുത്തന്‍പുര.

52 വര്‍ഷം മുമ്പ് വെള്ളമുണ്ട ഗവ.ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തില്‍ ചേര്‍ന്ന ചാക്കോ പുത്തന്‍പുരക്കല്‍ എന്ന പതിനഞ്ചുകാരന്‍ പിന്നീട് ബെനഡിക്ടിന്‍ ആശ്രമത്തില്‍വെച്ച് ആന്റണി എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിയമബിരുദം പുത്തിയാക്കിയ ഫാ. ആന്റണി എറണാകുളം ഹൈക്കോടതിയില്‍ നിന്നും അഡ്വക്കറ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമ രംഗത്തും സേവനമനുഷ്ടിച്ചിട്ടുണ്ട്.

മക്കിയാട് ഹോളി ഫെയിസ് ഹൈസ്‌കൂള്‍ സ്ഥാപകരില്‍ മുന്‍നിരക്കാരനായിരുന്ന ഫാ. ആന്റണി പതിറ്റാണ്ടുകാലം ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളായി സേവനം ചെയ്തു വരുമ്പോഴായിരുന്നു ജനറള്‍ കൗണ്‍സിലറായി റോമിലേക്ക് പോയത്. ഇതിനിടെ ഏതാനും വര്‍ഷം ഫിലിപ്പീസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളമുണ്ട ഒഴുക്കല്‍ മൂല ഇടവകയിലെ പരേതരായ പുത്തന്‍പുരക്കല്‍ ജോസഫിന്റെയും, മറിയത്തിന്റെയും ഏഴ് മക്കളില്‍ ആറാമനാണ് ഫാ. ആന്റണി.


Related Articles »