News - 2024

ഫ്രാന്‍സിസ് പാപ്പയുടെ റൊമേനിയന്‍ സന്ദര്‍ശനത്തിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 31-05-2019 - Friday

ബുക്കാറസ്റ്റ്: “നമുക്ക് ഒരുമിച്ചു നടക്കാം” എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ റൊമേനിയന്‍ സന്ദര്‍ശനത്തിന് ഇന്ന് ആരംഭം. മാര്‍പാപ്പയുടെ മുപ്പതാമത്തെ അന്തര്‍ദേശീയ പര്യടനമാണിത്. ഇന്ന് 11.30ന് തലസ്ഥാന നഗരമായ ബുക്കാറസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പക്ക് ഔപചാരികമായ സ്വീകരണം നല്‍കും. പ്രസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയത്തില്‍ തന്നെയുള്ള വസതിയില്‍ പ്രധാനമന്ത്രിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

ഒരു മണിക്ക് കോത്രൊചേനി കൊട്ടാരത്തിലെ ഉണിരീ (Unirii) ഹാളില്‍വച്ച് രാഷ്ട്ര പ്രതിനിധികളും നയതന്ത്ര പ്രതിനിധികളും, പൗരപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഡാനിയലുമായും സിനഡ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പുതുതായി നിര്‍മിച്ച ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസുമൊത്ത് അദ്ദേഹം പ്രാര്‍ത്ഥന നടത്തും. കത്തീഡ്രല്‍ നിര്‍മാണത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടുലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

ശനിയാഴ്ച ട്രാന്‍സില്‍വേനിയന്‍ മേഖലയിലെ സുമുലു സിയുക് ഗ്രാമത്തിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. ഞായറാഴ്ച സെന്‍ട്രല്‍ റൊമേനിയയിലെ ബ്‌ളാജ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യഭരണത്തില്‍ രക്തസാക്ഷികളായ ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. വൈകീട്ട് 5.30നു പാപ്പ റോമിലേക്കു മടങ്ങുന്നതോടെ ത്രിദിന സന്ദര്‍ശനത്തിന് സമാപനമാകും. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ റൊമേനിയയില്‍ കത്തോലിക്കര്‍ 4 ശതമാനം മാത്രമാണുള്ളത്.


Related Articles »