News - 2024

സ്ഥാനാരോഹണത്തിന് പിന്നാലെ തടവുപുള്ളികള്‍ക്ക് സ്ഥൈര്യലേപനവുമായി സ്പാനിഷ് മെത്രാൻ

സ്വന്തം ലേഖകന്‍ 31-05-2019 - Friday

കാർത്താജന മൂർസിയ: മെത്രാനായി സ്ഥാനമേറ്റതിന് പിന്നാലെ തടവുപുള്ളികൾക്ക് സ്ഥൈര്യലേപന കൂദാശ നൽകികൊണ്ട് സ്പാനിഷ് മെത്രാന്‍. അടുത്തിടെ കാർത്താജന മൂർസിയ എന്ന സ്പാനിഷ് രൂപതയുടെ മെത്രാനായി നിയമിതനായ ബിഷപ്പ് സെബാസ്റ്റ്യൻ ചികോയാണ്, കാംബോസ് ഡെൽ റിയോ എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ജയിലിലെ 62 തടവുപുള്ളികൾക്ക് സ്ഥൈര്യലേപന കൂദാശ നൽകിയത്. സ്ഥൈര്യലേപനം സ്വീകരിച്ചവരിൽ 50 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു. കാർത്താജന മൂർസിയ രൂപതക്കു കീഴില്‍ ഇത് ആദ്യമായാണ് ജയിലിൽ ഇങ്ങനെ ഒരു കൂദാശ സ്വീകരണം നടക്കുന്നത്.

മെയ് പതിനെട്ടാം തീയതിയാണ് ബിഷപ്പ് എന്ന നിലയിൽ ആദ്യമായി സ്ഥൈര്യലേപന കൂദാശ നൽകാനായി സെബാസ്റ്റ്യൻ ചികോ ജയിലിലെത്തുന്നത്. തടവുപുള്ളികളുമായി വ്യക്തിപരമായ സംഭാഷണങ്ങൾക്കു ശേഷമാണ് അദ്ദേഹം കൂദാശ കർമ്മങ്ങൾ നടത്തിയത്. തന്റെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകൾ തടവുപുള്ളികളുമായി പങ്കുവയ്ക്കാനായി എഴുതിത്തയ്യാറാക്കിയ പ്രസംഗം ബിഷപ്പ് വേണ്ടെന്നുവെച്ചുയെന്ന് ജയിലിലെ ചാപ്ലയിനായ ഫാ. അന്തോണിയോ സാഞ്ചസ് പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ കാണണമെന്ന് തടവുപുള്ളികളെ ബിഷപ്പ് ഉപദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലെത്തി കൂദാശ സ്വീകരണത്തിന് അവസരമൊരുക്കിയ ബിഷപ്പിന് തടവുപുള്ളികള്‍ നന്ദി പറഞ്ഞു. കൂദാശ സ്വീകരണത്തിനുശേഷം ജയിൽ ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത വിവിധ പരിപാടികളും സംഘടിക്കപ്പെട്ടിരിന്നു.


Related Articles »