India

ഭവനരഹിതര്‍ക്ക് ഭവനമൊരുക്കി മാനന്തവാടി രൂപത

01-06-2019 - Saturday

അനേകം ഭവനരഹിതര്‍ക്ക് ആശ്വാസത്തിന്‍റെ കൈത്താങ്ങായി മാനന്തവാടി രൂപതയുടെ ഭവനപദ്ധതി. രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വീടുകളില്ലാത്തവര്‍ക്ക് സ്ഥലവും വീടും നല്കിക്കൊണ്ടാണ് രൂപതാതിര്‍ത്തിക്കുള്ളില്‍ ഏവര്‍ക്കും ഭവനം എന്ന സ്വപ്നം മാനന്തവാടി രൂപത സാക്ഷാത്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രൂപതയുടെ കല്ലോടിയിലുള്ള 10 സെന്‍റ് സ്ഥലം വീതം ഏഴ് പേര്‍ക്ക് നല്കുകയും ഇടവകകളുടെയും വ്യക്തികളുടെയും സന്ന്യാസസഭകളുടെയും സഹായത്തോടെ അതാത് സ്ഥലങ്ങളില്‍ അവര്‍ക്ക് ഭവനങ്ങള്‍ ഒരുക്കുകയുമാണ് രൂപത ചെയ്തിരിക്കുന്നത്. ശ്രമകരമായ ഈ ഉദ്യമത്തിന് രൂപതാ ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ജില്‍സന്‍ കോക്കണ്ടത്തിലാണ് ചുക്കാന്‍ പിടിക്കുന്നത്.

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തോടനുബന്ധമായി മാനന്തവാടി രൂപത നേരിട്ട് 152 വീടുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം ഭവനനിര്‍മ്മാണത്തിനായി നല്കിയിരുന്നു. 340 കുടുംബങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഭാഗികസഹായവും മറ്റ് ജീവനോപാധികളും ഇതു കൂടാതെ നല്കിയിരുന്നു. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ണടടട വഴിയായി 165-ാളം വീടുകള്‍ക്ക് 2 കോടി രൂപയുടെ സഹായം വിവിധ ഉറവിടങ്ങളില്‍ നിന്നായി കണ്ടെത്തി നല്കിയിട്ടുണ്ട്. ഇതിനും പുറമേയാണ് ബാംഗ്ലൂരുള്ള സി.എം. വൈദികരുമായി സഹകരിച്ച് 50 ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ 10 വീടുകള്‍ കൊട്ടിയൂര്‍-ചുങ്കക്കുന്ന് മേഖലയില്‍ നിര്‍മ്മിച്ചു വരുന്നത്.

രൂപത ആരംഭിച്ചിരിക്കുന്ന ഭവനനിര്‍മ്മാണപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് അഞ്ച് കോടിയിലധികം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇടവകകളും വ്യക്തികളും സന്ന്യാസസഭകളും സ്ഥലവും ധനവും നല്കിയ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. മാനന്തവാടി രൂപതയുടെ നേരിട്ട് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍, സ്ഥലം നല്കി ഭവനം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടവും താക്കോല്‍ദാനം എടവക പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാ വിജയനും നിര്‍വ്വഹിച്ചു.


Related Articles »