News - 2024

എറിട്രിയയില്‍ പ്രാർത്ഥന കൂട്ടായ്മകൾക്കു വിലക്ക്

സ്വന്തം ലേഖകന്‍ 07-06-2019 - Friday

അസ്മാര: കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ എറിട്രിയയില്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ മുപ്പതോളം വരുന്ന പെന്തക്കൊസ്തു വിശ്വാസികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ അസ്‌മാരയിലെ മൂന്ന് സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മകള്‍ തടസ്സപ്പെടുത്തിയ അധികൃതര്‍ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയായിരിന്നു. രാജ്യത്തു മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും നിയമങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഓർത്തഡോക്സ്‌ സഭ, റോമൻ കത്തോലിക്ക സഭ, എറിട്രിയൻ ഇവാഞ്ചലിക്കൽ ലുഥറൈൻ സഭ, സുന്നി ഇസ്ലാം എന്നിങ്ങനെ നാല് വിശ്വാസ വിഭാഗങ്ങൾക്ക് രാജ്യത്തു അംഗീകാരം നല്‍കിയിട്ടുണ്ട്.

വിദേശ ഭരണകൂടങ്ങളുടെ ഉപകരണങ്ങൾ എന്ന നിലയിൽ ബാക്കി മതവിഭാഗങ്ങൾ അനധികൃതമാണെന്നാണ് അധികാരികള്‍ പറയുന്നത്. സ്വകാര്യ ഭവനങ്ങളിൽ നടക്കുന്ന പ്രാർത്ഥന കൂട്ടായ്മകൾ നിയന്ത്രിക്കാന്‍ പോലീസ് നിരന്തരം റെയ്ഡ് നടത്തി വരുന്നുണ്ട്. പെന്തക്കുസ്ത സമൂഹങ്ങളുടെ ശുശ്രുഷകൾ തടയുന്നതിനോടൊപ്പം വിശ്വാസത്യാഗം ചെയ്യുന്നവരെ തടവിൽ പാർപ്പിക്കുന്ന രീതിയാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. 2007ൽ പ്രസിഡന്റ്‌ ഐസായസ് അഫോര്‍ക്കിയെ വിമർശിച്ചുവെന്ന കാരണത്താൽ പാത്രിയർക്കിസ് അന്റോണിയോസിനെ വീട്ടുതടങ്കലിലാക്കുകയും വേറെയാളെ നിയമിക്കുകയും ചെയ്തിരിന്നു.

കത്തോലിക്ക സഭയുടെ എല്ലാ സ്ഥാപനങ്ങളുടെ അവകാശവും ഭരണകൂടത്തിന് നൽകണമെന്ന നിയമം പാലിക്കേണ്ട സ്ഥിതി സഭയും നേരിടുന്നുണ്ട്. കുമ്പസാരത്തിനും നിയന്ത്രണം കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന രാജ്യമാണ് എറിട്രിയ. ‘ഓപ്പണ്‍ ഡോര്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും അധികം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് എറിട്രിയയുടെ സ്ഥാനം.


Related Articles »