News - 2025
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചാല്‍ ഇനി നടപടി: നിയമ സഹായവുമായി കെഎല്‍സിഎ
സ്വന്തം ലേഖകന്‍ 15-06-2019 - Saturday
കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയ പ്രതീകങ്ങളെയും അതീവ മോശകരമായി അവഹേളിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ സഹായവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. മതവിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ എഴുത്തുകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന വസ്തുതയെ കേന്ദ്രീകരിച്ചാണ് കെഎല്‍സിഎ നിയമ നടപടിക്ക് പിന്തുണ നല്‍കുക.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള ചിത്രങ്ങളും എഴുത്തുകളും പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ നിരവധി വിശ്വാസികള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും അവഹേളനം തുടരുക പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവണതകൾ ഇല്ലാതാക്കണമെങ്കിൽ തിരികെയുള്ള പ്രതിഷേധങ്ങൾ കൊണ്ട് മാത്രം കാര്യമില്ലായെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോയാല്‍ മാത്രമേ പരിഹാരമുണ്ടാകുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കെഎല്‍സിഎ വ്യക്തമാക്കി.
മത വിദ്വേഷവും അവഹേളനവും നടത്തുന്നവര്‍ക്കെതിരെ ക്രിമിനൽ കേസ് ഫയല്‍ ചെയ്യാനാണ് നീക്കം. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ തയാറാക്കുന്നവരെ കേസ് നല്‍കാന്‍ തയാറായി മുന്നോട്ടു വരുന്നവർക്ക് പോലീസിൽ നൽകാനുള്ള പരാതികൾ സൗജന്യമായി തയ്യാറാക്കി കൊടുക്കാനും നിയമ സഹായവും നല്‍കാനുമാണ് കെഎൽസിഎ ലീഗൽ സെൽ പുതുതായി ഉദ്ദേശിക്കുന്നതെന്ന് സംഘടന സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് 'പ്രവാചക ശബ്ദ'ത്തോട് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ് നല്‍കാന്‍ സന്നദ്ധനാണെങ്കില്‍- പോസ്റ്റിന്റെ സ്ക്രീൻഷോട്ട്, ഐപി അഡ്രസ് വിവരങ്ങൾ ഉണ്ടെങ്കിൽ അത്, പ്രതിയുടെ വിലാസം (അഡ്രസ് ലഭിക്കുന്നത് കൂടുതൽ നല്ലത്), ഏത് പ്രദേശത്തു വെച്ചാണ് അത്തരം സംഭവം വായിക്കാൻ കാണാനിടയായത് എന്ന വിവരങ്ങളും stateklca@gmail.com എന്ന ഇ മെയിലിൽ അയക്കണം. തുടര്‍ന്നു താഴെ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ പരാതി സൗജന്യമായി തയ്യാറാക്കി കൊടുക്കുകയും നിയമ സഹായവും നല്‍കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
**അഡ്വ ഷെറി ജെ തോമസ് (ജനറൽ സെക്രട്ടറി)
* Mob: 9447 200 500
** അഡ്വ ജസ്റ്റിൻ കരിപ്പാട്ട് കൺവീനർ ലീഗൽ സെൽ
* Mob: 9447 607 350
