News - 2024

പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹത്തിലെ കുറവ്: ആശങ്ക പങ്കുവെച്ച് മാരോണൈറ്റ് സിനഡ്

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

ബെയ്റൂട്ട്: പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം കുറയുന്നതിൽ ആശങ്ക പങ്കുവെച്ചു മാരോണൈറ്റ് കത്തോലിക്ക സഭയുടെ വാർഷിക സിനഡ്. സിറിയ, ജോർദാൻ, വിശുദ്ധനാട്, ഈജിപ്ത്, സൈപ്രസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ക്രൈസ്തവരുടെ എണ്ണത്തിലുള്ള കുറവു പ്രത്യേകം പരാമര്‍ശിച്ചാണ് സിനഡ് ചര്‍ച്ച നടത്തിയത്.

2013ലെ സിറിയൻ ആഭ്യന്തര യുദ്ധത്തിനു ശേഷം നാല് ലക്ഷം ക്രൈസ്തവർ ഉണ്ടായിരുന്നതിൽ ഇന്നു പത്തു ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. യുദ്ധങ്ങൾ, സുരക്ഷാഭീതി, സാമ്പത്തിക പരാധീനത, തീവ്രവാദം, തുടങ്ങിയവ മൂലം പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവരുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര നേതൃത്വത്തിന് മുന്നിലും, അറബ് നേതൃത്വത്തിനു മുന്നിലും ഉയർത്തിക്കാട്ടുമെന്നും അതുവഴി അവർക്ക് അവരുടെ സാമൂഹിക വ്യക്തിത്വം സംരക്ഷിക്കാൻ സാധിക്കുമെന്നും മെത്രാൻ സിനഡ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വിവിധങ്ങളായ പ്രശ്നങ്ങളെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവ സമൂഹത്തിന്റെ തിരിച്ചുവരവിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ചെലുത്തുമെന്നും സിനഡ് ഓര്‍മ്മിപ്പിച്ചു. അതേസമയം പശ്ചിമേഷ്യയിൽ നിന്നുള്ള പലായനം പൂർണമായും നിർത്തലാക്കാൻ സാധിക്കില്ലായെന്ന് മെത്രാന്മാർ വിലയിരുത്തി. പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കാനായി മിഷ്ണറി വൈദികരെ അയക്കാനുള്ള പദ്ധതികളും സിനഡ് ചർച്ച ചെയ്തു.

മാരോണൈറ്റ് സഭാ വിശ്വാസികളെ ഒരുമിപ്പിക്കുന്നത് പൊതുവായുളള ലിറ്റർജി ആണെന്നും മെത്രാന്മാർ പറഞ്ഞു. വിവാഹ ഒരുക്കം, പൗരോഹിത്യ രൂപീകരണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ചർച്ച വാർഷിക സിനഡ് നടത്തി. ജൂൺ 5 മുതൽ 8 വരെയും, 10 മുതൽ 15 വരെയും നടന്ന സിനഡില്‍ എല്ലാ മാരോണൈറ്റ് ബിഷപ്പുമാരും പങ്കുചേര്‍ന്നിരിന്നു.


Related Articles »