India - 2024

വര്‍ഗീയ ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസാരവത്ക്കരിക്കരുത്: കാഞ്ഞിരപ്പള്ളി രൂപത

സ്വന്തം ലേഖകന്‍ 24-06-2019 - Monday

കാഞ്ഞിരപ്പള്ളി: ജനജീവിതത്തിനും സാമൂഹ്യ വ്യവസ്ഥിതികള്‍ക്കുമെതിരേ അനുദിനം വര്‍ഗീയ ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസാരവത്ക്കരിക്കരുതെന്ന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ പ്രമേയം. വര്‍ഗസമരങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുന്‌പോള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സഭയുടെ മഹത്തായ സംവിധാനങ്ങള്‍ക്കുമെതിരേ ഉയരുന്ന ആക്ഷേപ അവഹേളനങ്ങളില്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ വിശ്വാസിസമൂഹത്തിനാകണമെന്ന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

ഭിന്നതകള്‍ മറന്ന് സഭയില്‍ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തുവാനും വിശ്വാസത്തില്‍ ആഴപ്പെട്ട് മുന്നേറുവാനും പരസ്പരം സ്‌നേഹം പങ്കുവച്ച് സമാധാനവും ഐക്യവും ആത്മീയതയും ഊട്ടിയുറപ്പിക്കുവാനും ക്രൈസ്തവര്‍ക്കാകണം. കൂട്ടായ്മാ ചൈതന്യത്തെ ഇല്ലായ്മ ചെയ്യുന്നതും സഭയേയും സമുദായത്തെയും ദുര്‍ബലപ്പെടുത്തുന്നതുമായ പ്രവര്‍ത്തനശൈലികള്‍ വിശ്വാസിസമൂഹത്തിന് ഭൂഷണമല്ല.

ആരാധനക്രമം, വിവിധ അല്മായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍, അജപാലന നയങ്ങള്‍ എന്നിവയില്‍ ഐക്യരൂപം അനിവാര്യമാണ്. ഭിന്നിച്ചു നില്‍ക്കാതെ കൂട്ടായ്മയില്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിവിധ െ്രെകസ്തവ സഭാവിഭാഗങ്ങള്‍ ഒരുമയുടെയും സ്വരുമയുടെയും തലങ്ങളിലേക്ക് ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു.

More Archives >>

Page 1 of 252