India - 2025
ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് ധിക്കാരപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സ്വന്തം ലേഖകന്‍ 19-06-2019 - Wednesday
കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശങ്ങളെപ്പോലും അവഗണിച്ചുതള്ളി കേരള ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് ധിക്കാരപരവും ജനാധിപത്യ സംവിധാനത്തിന് അപമാനവുമാണെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. സാംസ്‌കാരിക മന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം മറികടന്നുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിനു വിശുദ്ധമായ കുരിശിനെ വിചിത്രമായി ചിത്രീകരിച്ചിട്ട് അവഹേളനമല്ലെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവരെ അക്കാദമിയില്‍ നിലനിര്‍ത്തുന്നതു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തുമാകാമെന്നതു ധിക്കാരമാണ്. സമാധാനത്തോടെയുള്ള ക്രൈസ്തവ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മുഖവിലയ്‌ക്കെടുത്ത് വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചും അവാര്‍ഡ് റദ്ദാക്കിയും അടിയന്തര നടപടികളെടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.