News - 2024
മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പുമായി നാഷണൽ ജിയോഗ്രഫിക്
സ്വന്തം ലേഖകൻ 02-07-2019 - Tuesday
ന്യൂയോർക്ക്: കഴിഞ്ഞ അഞ്ഞൂറ് വർഷങ്ങൾക്കിടെ നടന്ന മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പ് സൃഷ്ടിച്ചു നാഷണൽ ജിയോഗ്രഫിക്. കത്തോലിക്ക എഴുത്തുകാരനും ഗവേഷകനുമായ, മൈക്കിൾ ഒനീൽ 'മിറക്കൾ ഹണ്ടർ' എന്ന വെബ്സൈറ്റിൽ മരിയൻ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് തയാറാക്കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നാഷണൽ ജിയോഗ്രഫിക് മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പ് രൂപപ്പെടുത്തിയെടുത്തത്. ഏതൊക്കെ പ്രത്യക്ഷീകരണങ്ങളാണ് വത്തിക്കാൻ അംഗീകരിച്ചിരിക്കുന്നതെന്നും മാപ്പിൽ നാഷണൽ ജിയോഗ്രഫിക് അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ പ്രത്യക്ഷീകരണങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി മാപ്പിൽ പ്രത്യേകം സൂചിപ്പിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭംമുതൽ പരിശുദ്ധ കന്യകാമറിയം വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ പലതിനും സഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുള്ളതുമാണ്. ചിലതിന് അംഗീകാരം നല്കിയിട്ടുമില്ല. ട്രെന്റ് സൂനഹദോസിനുശേഷമാണ് മരിയൻ പ്രത്യക്ഷീകരണങ്ങൾ അംഗീകരിക്കാനായി കൂടുതൽ വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടായത്. മെഡ്‌ജുഗോറി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നടന്ന പ്രത്യക്ഷീകരണങ്ങളെ കുറിച്ചു സഭ ഇപ്പോഴും പഠനം നടത്തി വരികയാണ്. എന്തായാലും മരിയൻ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള നാഷണൽ ജിയോഗ്രഫിയുടെ മാപ്പ് അനേകർ പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.