News

മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബർ 13ന്

സ്വന്തം ലേഖകൻ 02-07-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13നു വിശുദ്ധയായി പ്രഖ്യാപിക്കും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഇരുപതാം വര്‍ഷത്തിലാണ് സഭയിലെ പരമോന്നത കിരീടമായ വിശുദ്ധ പദവിയിലേക്ക് മറിയം ത്രേസ്യ അടുക്കുന്നത്. മറിയം ത്രേസ്യായെ കൂടാതെ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്സ്, സെന്‍റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജി‌യൂസെപ്പിന വന്നിനി തുടങ്ങിയവരെയും അന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും.

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്തു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ മനംനൊന്ത് അവളുടെ പിതാവും, സഹോദരനും മദ്യപാനത്തിന് അടിമകളായി മാറി. ഇങ്ങനയുള്ള ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് പ്രേഷിത രംഗത്തെ ഭാവിവാഗ്ദാനം ഉയര്‍ന്ന്‍ വന്നത്.

മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ ആദ്യ പകുതിവരെ, മാമ്മോദീസാ പേരായ ത്രേസ്യാ എന്ന പേരിലായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത്. 1904 മുതല്‍ അവള്‍ തന്റെ നാമം മറിയം ത്രേസ്യാ എന്നാക്കി മാറ്റി. കാരണം പരിശുദ്ധ കന്യക അവള്‍ക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും “മറിയം” എന്ന പേര് അവളുടെ പേരിന്റെ കൂടെ ചേര്‍ക്കുവാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു. അവള്‍ അപ്രകാരം ചെയ്യുകയും ചെയ്തു.

തന്റെ ആത്മീയ പിതാവിന്റെ നിര്‍ബന്ധപ്രകാരം രചിച്ച വെറും 6 പേജുകള്‍ മാത്രമുള്ള ജീവചരിത്രത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, ചെറുപ്പകാലത്തില്‍ തന്നെ അവള്‍ ദൈവത്തെ സ്നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം വെച്ച് പുലര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ ആഴ്ചയില്‍ നാല് പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തില്‍ ജപമാല നിരവധി പ്രാവശ്യം ചൊല്ലുന്നതും അവളുടെ പതിവായിരുന്നു. അവള്‍ക്ക് 8 വയസ്സായപ്പോള്‍ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും, ജാഗരണ പ്രാര്‍ത്ഥനകളും അനുഷ്ടിക്കുന്നതില്‍ നിന്നും വിലക്കി. പക്ഷേ ത്രേസ്യയാകട്ടെ കൂടുതല്‍ പീഡനങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു. അവള്‍ക്ക് പത്ത് വയസ്സ് പ്രായമായപ്പോഴേക്കും അവള്‍ തന്റെ വിശുദ്ധി ക്രിസ്തുവിനുവേണ്ടി സമര്‍പ്പിച്ചു.

തന്റെ ദൈവനിയോഗത്തെ തിരിച്ചറിയല്‍

ത്രേസ്യാക്ക് 12 വയസ്സായപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. തന്റെ ദൈവനിയോഗം തിരിച്ചറിയുവാനുള്ള ഒരു നീണ്ട അന്വേഷണത്തിലായിരുന്നു അവള്‍. പ്രാര്‍ത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. 1891-ല്‍ തന്റെ വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് ഒളിച്ചോടുവാനും അവിടെ മലമ്പ്രദേശത്ത് പ്രാര്‍ത്ഥനയിലും, അനുതാപത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാനും അവള്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതി പ്രായോഗികമായില്ല. അവള്‍ തന്റെ മൂന്ന്‍ കൂട്ടുകാരികള്‍ക്കൊപ്പം സ്ഥിരമായി പള്ളിയില്‍ പോകുകയും ദേവാലയം വൃത്തിയാക്കുകയും, അള്‍ത്താര അലങ്കരിക്കുകയും ചെയ്തു.

ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവള്‍ പാവങ്ങളേയും, രോഗികളേയും സഹായിക്കുകയും, തന്റെ ഇടവകയില്‍ ഏകാന്തവാസം നയിക്കുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. കുഷ്ഠരോഗികളേയും, ചിക്കന്‍പോക്സ് പിടിപ്പെട്ടവരേയും വരെ അവള്‍ ശുശ്രൂഷിച്ചിരുന്നു. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.

അപ്രകാരം നോബല്‍പുരസ്കാര ജേതാവും, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയുമായ കല്‍ക്കട്ടയിലെ മദര്‍ തെരേസയുടേതിനു സമാനമായ നേട്ടം കേരളത്തിലെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു ഗ്രാമത്തിലെ പ്രേഷിതവേലയിലൂടെ മറിയം ത്രേസ്യ കൈവരിച്ചു. ആളുകളെ പ്രസിദ്ധരാക്കുന്ന ടെലിവിഷന്‍, ക്യാമറ, വാര്‍ത്താ മാധ്യമങ്ങള്‍ തുടങ്ങിയവ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, മദര്‍ തെരേസക്കും അര നൂറ്റാണ്ടിനു മുന്നെയാണ് മറിയം ത്രേസ്യ പാവങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത്.

ത്രേസ്യായും അവളുടെ മൂന്ന്‍ സഹചാരികളും കൂടി ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷന്‍മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ വീട് വിട്ട് പുറത്ത്‌ പോകാറില്ലാത്ത ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം “പെണ്‍കുട്ടികളെ തെരുവിലേക്കിറക്കുന്നു” എന്ന വിമര്‍ശനത്തെ ക്ഷണിച്ചു വരുത്തി.

ത്രേസ്യയാകട്ടെ തന്റെ വിശ്വാസം മുഴുവനും യേശുവും, മറിയവും, യൗസേപ്പിതാവുമടങ്ങുന്ന തിരുകുടുംബത്തില്‍ അര്‍പ്പിച്ചു. പലപ്പോഴും അവള്‍ക്ക് ദര്‍ശനങ്ങള്‍ നിരന്തരം ഉണ്ടാവുകയും അതില്‍നിന്നും തന്റെ പ്രേഷിത ദൗത്യത്തിന്, പ്രത്യേകിച്ച് പാപികളെ മാനസാന്തരപ്പെടുത്തുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അവള്‍ പാപികള്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും, അവരെ സന്ദര്‍ശിക്കുകയും, അനുതപിക്കുവാനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അവളുടെ സന്യാസപരവും, അനുതാപപരവുമായ പ്രവര്‍ത്തികള്‍ പുരാതനകാലത്തെ സന്യാസിമാരുടെ കഠിനമായ പ്രവര്‍ത്തനങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ നിഗൂഡമായ ദൈവീക സമ്മാനങ്ങളാല്‍ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിനു സമാനമായി ആത്മീയ ഉന്മാദത്തില്‍ വായുവില്‍ നിലംതൊടാതെ നില്‍ക്കുക തുടങ്ങിയ അത്ഭുതകരമായ സംഭവങ്ങള്‍ അവളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ത്രേസ്യ തന്റെ മുറിയുടെ ഭിത്തിയില്‍ നിലംതൊടാതെ ക്രൂശിതരൂപത്തിന്റെ ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്‌ കാണുവാന്‍ ആളുകള്‍ തടിച്ചുകൂടുമായിരിന്നുവെന്ന് പറയപ്പെടുന്നു.

ഒരുപക്ഷേ, ഇത്തരം നിഗൂഡ വരദാനങ്ങള്‍ കൊണ്ട് അവള്‍ നിറഞ്ഞിരിന്നെങ്കിലും തന്റെ വിനയവും എളിമയും നിലനിര്‍ത്തുവാന്‍ ദൈവം അവള്‍ക്ക്‌ ചില സഹനങ്ങളും നല്‍കി. പിയട്രേല്‍സിനായിലെ പ്രസിദ്ധനും ധന്യനുമായ പാദ്രെ പിയോയേപോലെ അവള്‍ക്കും പഞ്ചക്ഷതമുണ്ടായി. എന്നാല്‍ അവള്‍ ഇത് ശ്രദ്ധാപൂര്‍വ്വം പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചു. പാദ്രെ പിയോയേപോലെ തന്നെ, ഏതാണ്ട് അവളുടെ ജീവിതകാലം മുഴുവനും അവള്‍ക്ക്‌ പൈശാചിക ആക്രമണങ്ങളും, ഉപദ്രവങ്ങളും സഹിക്കേണ്ടതായി വന്നു.

1902നും 1905നും ഇടക്ക്‌, മെത്രാന്റെ നിര്‍ദ്ദേശപ്രകാരം അവളുടെ ഇടവക വികാരിയായിരുന്ന ജോസഫ് വിതയത്തില്‍ അച്ചന്റെ കീഴില്‍ അവള്‍ തുടരെ തുടരെ ബാധയൊഴിപ്പിക്കലിന് വിധേയയായി. ത്രേസ്യ പിശാചിന്റെ കയ്യിലെ കളിപ്പാട്ടം പോലെയായിരിക്കുന്നത് കണ്ട് ആ പുരോഹിതന്‍ അത്ഭുതത്തിന് ഇടയാക്കി. എന്നാല്‍ ഈ ബാധയൊഴിപ്പിക്കലുകള്‍ ചില ആളുകള്‍ അവളെ വ്യാജയായ വിശുദ്ധ എന്ന് സംശയിക്കുവാന്‍ ഇടനല്‍കി. വിശുദ്ധയായിരുന്ന മേരി മഗ്ദലനപോലും യേശുവിന്റെ കീഴില്‍ ബാധയൊഴിപ്പിക്കലിന് വിധേയയാവുകയും, അവളെ പിന്നീട്, ബാധയേറിയ പാപിയാണെന്ന അക്കാലത്തെ മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ പേര് വെളിപ്പെടുത്താതെ പാപിയായ യുവതിയെന്നു വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതായികാണാം (ലൂക്കാ 7:36-50).

മറിയം ത്രേസ്യാക്കും നിരവധി പ്രലോഭനങ്ങള്‍ക്കെതിരെ പോരാടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിശ്വാസത്തിന്റേയും, വിശുദ്ധിയുടേയും കാര്യത്തില്‍. ആത്മാവിന്റെ ഇരുണ്ട രാത്രികളെ അവള്‍ മറികടന്നു. 1902 മുതല്‍ അവളുടെ മരണം വരെ വിതയത്തില്‍ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്‌. അവള്‍ തന്റെ ഹൃദയം പൂര്‍ണ്ണമായും ആത്മവിശ്വാസത്തോടും അദ്ദേഹത്തിന്റെ മുമ്പില്‍ തുറക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു. അവളുടെ 55 എഴുത്തുകളില്‍ 53 എണ്ണം ആത്മീയ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തില്‍ അച്ചന് എഴുതിയ കത്തുകളായിരുന്നു.

ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനം

1903-ല്‍ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക വികാര്‍ ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേരുവാന്‍ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു.1912-ല്‍ അദ്ദേഹം അവള്‍ക്ക്‌ ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാല്‍ താന്‍ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടത്തെ കന്യാസ്ത്രീകള്‍ അവളെ തങ്ങളുടെ സഭയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തെങ്കിലും ഇതല്ല തന്റെ ദൈവവിളിയെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു.

അങ്ങനെ 1913-ല്‍ മാര്‍ ജോണ്‍ മേനാച്ചേരി ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാന്‍ അവളെ അനുവദിക്കുകയും അതിന്റെ വെഞ്ചിരിപ്പിനായി തന്റെ സെക്രട്ടറിയേ അയക്കുകയും ചെയ്തു. അധികം വൈകാതെ ത്രേസ്യാ അങ്ങോട്ടേക്ക് മാറുകയും, അവളുടെ മൂന്ന്‍ സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു. അവര്‍ പ്രാര്‍ത്ഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദര്‍ശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അനുഷ്ഠിച്ച് പോന്നു.

മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ സേവിക്കുവാന്‍ വേണ്ടിയുള്ള ഒരു ആത്മീയസഭയുടെ സാധ്യത മെത്രാന്‍ കണ്ടെത്തി. അങ്ങനെ 1914 മെയ്‌ 14ന് മറിയം ത്രേസ്യാ നിത്യവൃതവാഗ്ദാനം സ്വീകരിച്ചു കൊണ്ട് ഹോളി ഫാമിലി (C.H.F) എന്ന് പേരോട് കൂടിയ സന്യാസിനീ സഭക്ക്‌ സഭാപരമായി സ്ഥാപനം കുറിച്ചു. അവളുടെ മൂന്ന്‍ സഹചാരികളും ആ സഭയിലെ പോസ്റ്റുലന്റ്സായി ചേര്‍ക്കപ്പെട്ടു. ഈ പുതിയ സന്യാസിനീ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ മറിയം ത്രേസ്യായും ജോസഫ് വിതയത്തില്‍ അച്ചന്‍ ചാപ്ലയിനുമായി തീര്‍ന്നു.

പുതിയ സഭയുടെ പരിപാലനം

പുതിയതായി സ്ഥാപിക്കപ്പെട്ട സഭക്ക്‌ എഴുതപ്പെട്ട നിയമസംഹിതകള്‍ ഉണ്ടായിരുന്നില്ല. സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) ബോര്‍ഡ്യൂക്സ് ഹോളി ഫാമിലി സന്യാസിനീകളുടെ ഭവനത്തില്‍ നിന്നും അവരുടെ നിയമസംഹിത മാര്‍ ജോണ്‍ മേനാച്ചേരി നേരിട്ട് ശേഖരിച്ചു. അവ സ്ഥാപകയായ മറിയം ത്രേസ്യാക്ക് മെത്രാന്‍ കൈമാറുകയും ചെയ്തു. താന്‍ വളരെ ശ്രദ്ധയോട് കൂടി പരിപാലിച്ചു വന്ന സഭയില്‍ ത്രേസ്യ നിയമങ്ങള്‍ നടപ്പിലാക്കി.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പും പിമ്പുമുള്ള ബുദ്ധിമുട്ടേറിയ വര്‍ഷങ്ങളില്‍ ദൈവീക പരിപാലനയിലുള്ള വിശ്വാസവും അതിയായ ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി, 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന്‍ പുതിയ മഠങ്ങളും, സ്കൂളുകളും, രണ്ട് പാര്‍പ്പിട സൗകര്യങ്ങളും, പഠനത്തിനുള്ള ഒരു ഭവനവും, ഒരു അനാഥാലയവും സ്ഥാപിക്കുവാന്‍ ത്രേസ്യാക്ക് കഴിഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മറിയം ത്രേസ്യാ വളരെയേറെ പ്രാധ്യാന്യം കൊടുത്തിരുന്നു. അവളുടെ ലാളിത്യവും, എളിമയും, വിശുദ്ധിയും നിരവധി പെണ്‍കുട്ടികളെ അവളിലേക്കാകര്‍ഷിച്ചു.

അമ്പതാമത്തെ വയസ്സില്‍ അവള്‍ മരിക്കുമ്പോള്‍ 55 കന്യാസ്ത്രീകളും, 30 താമസക്കാരും, 10 അനാഥരും അവളുടെ പരിപാലനയില്‍ ഉണ്ടായിരുന്നു. 1964-ല്‍ സഹസ്ഥാപകനായ വിതയത്തിലച്ചന്‍ മരിക്കുന്നത് വരെ അചഞ്ചലമായി മുന്നേറികൊണ്ടിരുന്ന ഈ സഭയുടെ അമരത്തു അദ്ദേഹം ഉണ്ടായിരുന്നു. രണ്ടായിരാമാണ്ടായപ്പോഴേക്കും ഈ സന്യാസിനീ സഭക്ക്‌ കേരളത്തിലും, വടക്കെ ഇന്ത്യയിലും, ജര്‍മ്മനിയിലും, ഘാനയിലുമായി 1584 ഓളം നിത്യവൃതമെടുത്ത കന്യാസ്ത്രീകള്‍ സേവനനിരതരായി ഉണ്ടായി. നിലവില്‍ 7 പ്രോവിന്‍സുകളും, 119 നോവീസുകളും, 176 ഭവനങ്ങളും ഹോളി ഫാമിലി (C.H.F) സഭക്കുണ്ട്.

മരണവും വിശുദ്ധ പദവി പ്രഖ്യാപനവും

1926 ജൂണ്‍ 8നാണ് മറിയം ത്രേസ്യാ മരണപ്പെടുന്നത്. ഭാരമുള്ള എന്തോ വസ്തു കാലില്‍ വീണത് മൂലമുള്ള മുറിവ് അതിയായ സഹനങ്ങള്‍ക്ക് വഴി തെളിയിച്ചു. പ്രമേഹരോഗമുണ്ടായിരുന്നതിനാല്‍ ആ മുറിവ് ഭേതമാകാത്തതായിരുന്നു മരണത്തിന്റെ കാരണം. അവളുടെ മരണശേഷം മറിയം ത്രേസ്യായുടെ പ്രസിദ്ധി നാടെങ്ങും പരന്നു. അവളോടുള്ള മാദ്ധ്യസ്ഥ സഹായം വഴിയായി നിരവധി രോഗികള്‍ അത്ഭുതകരമായി സുഖപ്പെട്ടു. 1971-ല്‍ ദൈവശാസ്ത്ര പണ്ഡിതന്മാരും ചരിത്രകാരന്മാരും അടങ്ങുന്ന ഒരു സംഘം അവളുടെ ജിവിതം, നന്മപ്രവര്‍ത്തികള്‍, എഴുത്തുകള്‍ തുടങ്ങിയവയെ കുറിച്ച് പരിശോധിക്കുകയും ജീവിച്ചിരുന്ന 15-ഓളം ദൃക്‌സാക്ഷികളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 1983-ല്‍ സഭയുടെ രൂപതാതലത്തിലുള്ള ട്രിബ്യൂണല്‍ മുമ്പാകെ അവരുടെ നിഗമനങ്ങള്‍ സമര്‍പ്പിച്ചു.

മറിയം ത്രേസ്യായുടെ മാധ്യസ്ഥത്തില്‍ നടന്ന് നിരവധി അത്ഭുതങ്ങളില്‍ ഒരെണ്ണം 1992-ല്‍ സഭ വളരെ വിശദമായി ഉറപ്പുവരുത്തി. 1956-ല്‍ ജനിച്ച മാത്യു പെല്ലിശ്ശേരി ജന്മനാ മുടന്തനായിരുന്നു. തന്റെ പതിനാലാമത്തെ വയസ്സ് വരെ വളരെ ആയാസപ്പെട്ടാണ് അവന്‍ നടന്നിരുന്നത്. അവന്റെ രോഗം ഭേദമാകുന്നതിനായി കുടുംബം ഒന്നടങ്കം 33 ദിവസം ഉപവസിക്കുകയും, മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്തു. 1970 ഓഗസ്റ്റ്‌ 21ന് ഉറങ്ങുന്നതിനിടക്ക് അവന്റെ വലത് കാല്‍ അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. തുടര്‍ന്നു 39 ദിവസത്തെ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും ശേഷം 1974 ഓഗസ്റ്റ്‌ 28ന് അവന്റെ ഇടത് കാലും ശരിയായി. അതിനു ശേഷം മാത്യുവിന് നടക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

ഈ ഇരട്ട രോഗശാന്തി ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഒമ്പതോളം ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഇത് ദൈവദാസിയായ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു.

ഇതിനിടെ 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചു. അത്ഭുത രോഗശാന്തി സഭാപരമായി മറിയം ത്രേസ്യയുടെ വിശുദ്ധീകരണ പ്രഖ്യാപനത്തിനാവശ്യമായ ഏറ്റവും അവസാനത്തെ കാര്യമായിരുന്നു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

More Archives >>

Page 1 of 466