News - 2024
ക്രിസ്തുവിലേക്കു തിരിയുന്നില്ലങ്കിൽ രാജ്യം നശിക്കും: പോളണ്ടിൽ ഇനി ഓരോ വർഷവും കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങൾ
സ്വന്തം ലേഖകന്‍ 02-07-2019 - Tuesday
ലോകരക്ഷകനായ യേശുക്രിസ്തു തന്റെ രക്ഷാകര പദ്ധതി പൂർത്തിയാക്കിട്ട് രണ്ടായിരം വർഷം കഴിഞ്ഞിട്ടും രാജ്യങ്ങളും കുടുംബങ്ങളും വ്യക്തികളും ഇനിയും ക്രിസ്തുവിലേക്കു തിരിയുന്നില്ലങ്കിൽ അവർ നാശത്തിന്റെ വക്കിലാണ് എന്ന സത്യം തിരിച്ചറിഞ്ഞ് പോളണ്ട് 14 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനുതാപ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രശസ്തമായ ഗിയട്രസ്സ്വാള്‍ഡില്‍ വെച്ച് ജൂലൈ ഒന്നിനായിരുന്നു അനുതാപ പ്രാര്‍ത്ഥനയുടെ ആരംഭം.
ഇനിമുതൽ പോളണ്ടിൽ ഓരോ വര്‍ഷത്തെയും കുരിശിന്റെ വഴിയിലെ ഒരു സ്ഥലമായിട്ടായിരിക്കും കണക്കാക്കുക. ഇപ്രകാരം ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയുടെ 2000-മത് വാര്‍ഷികമായ 2033-ൽ എത്തുമ്പോഴേക്കും കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങളും പിന്നിട്ടിരിക്കും.
നൂറുകണക്കിന് വിശ്വാസികളാണ് പരിഹാര പ്രാര്‍ത്ഥനയുടെ സമാരംഭത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. സാത്താന്റെ കുടിലതകള്‍ തിരിച്ചറിയുക, പാപങ്ങളെക്കുറിച്ച് ബോധവാന്‍മാരാകുകയും, ചെയ്തുപോയ തെറ്റുകൾക്ക് പാപരിഹാരം ചെയ്യുകയും ദൈവത്തോട് ക്ഷമ യാചിക്കുകയും ചെയ്യുക, പാപത്തില്‍ നിന്നും അകന്ന് നടക്കുക എന്നിവ തങ്ങളുടെ ജീവിതക്രമത്തിന്റെ ഭാഗമാക്കാൻ നിരവധി വിശ്വാസികൾ തീരുമാനമെടുത്തു.
ആത്മാര്‍ത്ഥമായ കുമ്പസ്സാരം, ജീവിതത്തിന്റെ പുരോഗതിക്കും, മാനസാന്തരത്തിനും വേണ്ടിയുള്ള പരിഹാരം എന്നിവയാണ് 14 വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന അനുതാപ പ്രാര്‍ത്ഥനയുടെ ലക്ഷ്യങ്ങളെന്ന് പ്രാര്‍ത്ഥനാ പരിപാടിയുടെ സംഘടാകരില്‍ ഒരാളായ ജോവാന്ന സ്വാലാട്ട പറഞ്ഞു. ക്രിസ്തുവിലേക്ക് തിരിഞ്ഞില്ലെങ്കില്‍ തങ്ങളുടെ രാജ്യം നശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
“എന്റെ തിരുമുറിവുകളെക്കുറിച്ച് ഓര്‍ക്കുന്നത് നിനക്ക് ഗുണകരവും എനിക്ക് ആനന്ദകരവുമാണ്” എന്ന വിശുദ്ധ ഫൗസ്റ്റീനയോടുള്ള കര്‍ത്താവിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് അനുതാപ പ്രാര്‍ത്ഥനക്ക് പുറമേ, ഓരോ വര്‍ഷവും യേശുവിന്റെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനവും, ദിവ്യകാരുണ്യത്തിന്റേയും, ജപമാലരഹസ്യങ്ങളുടേയും പ്രാര്‍ത്ഥനയും, ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ലുത്തിനിയയും ഉണ്ടായിരിക്കും.
സമീപകാലങ്ങളിലായി പോളണ്ട് തങ്ങളുടെ കത്തോലിക്കാ വ്യക്തിത്വം വീണ്ടെടുക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങളിലാണ്. സർവ ലോകങ്ങളുടെയും രാജാധിരാജനായ യേശുക്രിസ്തുവിനെ അടുത്തകാലത്ത് പോളണ്ട് തങ്ങളുടെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.