News - 2025
ചരിത്രം കുറിച്ച ട്രംപ്, കിം കൂടിക്കാഴ്ചയിൽ ആശംസകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 02-07-2019 - Tuesday
യൂ എസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോൾ ആധുനിക നോർത്ത് കൊറിയയിൽ കാലുകുത്തുന്ന ആദ്യത്തെ ഭരണാധികാരിയായി ഡൊണാൾഡ് ട്രംപ് മാറിയതിനു പിന്നാലെ ആ ചരിത്ര നിമിഷത്തിന് ആശംസകളർപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ.
ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ ക്ഷണം സ്വീകരിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കായി ഇരു കൊറിയകളുടെയും അതിർത്തിയിൽ എത്തിയതെന്ന് കരുതപ്പെടുന്നു. കൂടിക്കാഴ്ച ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു നിന്നു. ആണവ ചർച്ചകൾ പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.
പരസ്പരമുള്ള കൂടിക്കാഴ്ചകളിൽ നിന്നും രൂപംകൊണ്ട സാമൂഹിക ഘടനയുടെ ഒരു നല്ല ഉദാഹരണമാണ് കൊറിയയിലേതെന്ന് ജൂൺ മുപ്പതാം തീയതിയിലെ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ചർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ താൻ പ്രാർത്ഥനകളോടെ അഭിവാദനം ചെയ്യുന്നുവെന്നും, ഈ ബഹുമാന പ്രകടനങ്ങൾ ലോകസമാധാനത്തിലേയ്ക്കുളള ഒരുപടികൂടി ആകട്ടെയെന്നും പാപ്പ ആശംസകളർപ്പിച്ചു. ഇത് മൂന്നാമത്തെ തവണയാണ് ട്രംപും, ഉത്തരകൊറിയൻ ഭരണാധികാരിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ആദ്യത്തെ കൂടിക്കാഴ്ച 2018 ജൂൺമാസം സിംഗപ്പൂരിൽ വച്ചാണ് നടന്നത്.
കഴിഞ്ഞ ആഴ്ച അതിർത്തിയിൽ, സമാധാനത്തിനും, ഐക്യത്തിനായി ദക്ഷിണ കൊറിയൻ മെത്രാന്മാർ ഇരുപതിനായിരത്തോളം വരുന്ന വിശ്വാസികളോട് ഒന്നിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ 69 വാർഷിക ദിനത്തിലാണ് വിശുദ്ധ ബലിയർപ്പണം നടന്നത്. ക്രൈസ്തവർ വലിയ പീഡനം നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ. ഈ പ്രദേശത്ത് സമാധാനവും, ഐക്യവും ഭാവിയിൽ സ്ഥാപിതമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഏപ്രിൽ മാസം ഇരു കൊറിയകളുടെയും നേതാക്കൾക്ക് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശം അയച്ചിരുന്നു.