News - 2024
തിരുക്കുടുംബത്തിന്റെ യാത്രാവഴി യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്
സ്വന്തം ലേഖകൻ 04-07-2019 - Thursday
കെയ്റോ: ഹേറോദേസിൽ നിന്നും രക്ഷപ്പെടാൻ ജോസഫും കന്യകാ മറിയവും യേശുവിനെയും വഹിച്ചുകൊണ്ട് ഈജിപ്തിലേക്ക് സഞ്ചരിച്ച യാത്രാ വഴി യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഈജിപ്ഷ്യൻ സർക്കാർ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി തിരുകുടുംബത്തിന്റെ യാത്രാ വഴിയെ വിവരിക്കുന്ന "വേ ഓഫ് ദി ഹോളിഫാമിലി" എന്ന പുസ്തകം ഇതിനോടകം തന്നെ ഇംഗ്ലീഷിലേക്കും, അറബിയിലേക്കും ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രാലയം തർജ്ജമ ചെയ്തിട്ടുണ്ട്.
വാദി നട്രുണിലെ ആശ്രമം, കെയ്റോയിലെ എൽ മട്ടാറിയയിൽ സ്ഥിതിചെയ്യുന്ന "മേരിയുടെ മരം" മിന്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കന്യാമറിയത്തിന്റെ ദേവാലയം, ഡേയ്ൽ അൽ-മുഹറക്ക് ആശ്രമം തുടങ്ങിയവയുടെ ചിത്രങ്ങളും, വിവരങ്ങളും അധികൃതർ ഉടൻ യുനെസ്കോയ്ക്ക് കൈമാറും. ഈജിപ്തിന്റെ പുരാവസ്തു വകുപ്പ് മന്ത്രി ഖലീൽ അൽ ആദാനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ തിരുകുടുംബം ഈജിപ്തിൽ താമസിച്ചതിന്റെ ചരിത്രപരവും സഭാപരവുമായുള്ള പ്രാധാന്യത്തെപ്പറ്റി പരാമർശിച്ചിരിന്നു.
ഹേറോദേസിന്റെ മരണംവരെ, ഏതാനും വർഷങ്ങൾ തിരുക്കുടുംബം ഈജിപ്തിൽ താമസിച്ചിരുന്നു എന്നത് ചരിത്രപരമായുളള നിഗമനമാണ്. ഈജിപ്തിലെ 25 സ്ഥലങ്ങളിലെങ്കിലും തിരുക്കുടുംബം യാത്ര ചെയ്തുവെന്ന് കരുതപ്പെടുന്നു. വിനോദ സഞ്ചാരത്തിന്റെ ഭാഗമായും തിരുകുടുംബത്തിന്റെ യാത്രാ വഴിക്ക് ഈജിപ്ഷ്യൻ സർക്കാർ പ്രചാരണം നൽകുന്നുണ്ട്. 2017 ഒക്ടോബർ നാലാം തീയതി തിരുക്കുടുംബത്തിന്റെ യാത്രാ വഴിക്ക് പ്രചാരണം നൽകുന്ന സംഘത്തിന്റെ പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചിരിന്നു.