News - 2024
മാർപാപ്പയെ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ
സ്വന്തം ലേഖകൻ 05-07-2019 - Friday
വത്തിക്കാൻ സിറ്റി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിറിയയിലെയും, യുക്രൈനിലെയും, വെനിസ്വേലയിലെയും വിവിധ വിഷയങ്ങളും, റഷ്യയിലെ കത്തോലിക്കാ സഭയുടെ സാന്നിധ്യം, പ്രകൃതി സംരക്ഷണം തുടങ്ങിയവ ചർച്ചയായി.
അപ്പസ്തോലിക്ക് പാലസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തനിക്കുവേണ്ടി സമയം മാറ്റിവെച്ചതിൽ റഷ്യൻ പ്രസിഡന്റ് പാപ്പയ്ക്ക് നന്ദി രേഖപെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും, ആർച്ച് ബിഷപ്പ് പോൾ ഗല്ലഹറുമായും റഷ്യൻ പ്രസിഡന്റ് സംഭാഷണത്തിലേർപ്പെട്ടു.
ഇത് മൂന്നാം തവണയാണ് റഷ്യൻ പ്രസിഡന്റ് പുടിൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. 2015-ലാണ് ഇതിനു മുൻപ് പുടിൻ പാപ്പയെ സന്ദർശിച്ചത്. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് അന്ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പുടിൻ രണ്ട് തവണ ജോൺപോൾ മാർപാപ്പയുമായും, ഒരുതവണ ബനഡിക്ട് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.