News - 2024
കോംഗോയിൽ വൈദികന്റെ മൃതദേഹം അഴുകിയ നിലയിൽ
സ്വന്തം ലേഖകൻ 06-07-2019 - Saturday
ബ്രാസ്സാവില്ലെ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നും കഴിഞ്ഞ മാസത്തിന്റെ അവസാനത്തില്‍ തട്ടിക്കൊണ്ട് പോയ കത്തോലിക്ക വൈദികൻ ഫാ. പോള്‍ എംബോണിന്റെ മൃതദേഹം കോംഗോയുടെ വടക്ക് ഭാഗത്തുള്ള സാന്‍ഘാ മേഖലയില്‍ നിന്നും കണ്ടെത്തി. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ടായിരുന്നു. സാന്‍ഘായിലെ സെമ്പേ ഇടവക വികാരിയായിരുന്ന ഫാ. എംബോണിനെ ഔസ്സോയില്‍ വെച്ചായിരുന്നു അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
പൗരോഹിത്യ പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുവാനായി ഔസ്സേയിലെത്തിയ അദ്ദേഹം ജൂണ്‍ 28നും 29നും ഇടക്ക് രാത്രിയില്‍ തന്റെ സുഹൃത്തായ പുരോഹിതനൊപ്പം സംസാരിച്ചുകൊണ്ട് നടക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. ജൂലൈ നാലിന് വൈദികന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഫാ. പോള്‍ മരിക്കുവാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നായിരിന്നു ഔസ്സോ രൂപതയുടെ പ്രതികരണം. ഫാ. പോള്‍ കൊല്ലപ്പെട്ടതാണോ എന്ന കാര്യം പോലീസും, പ്രാദേശിക അധികാരികളും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയത്തിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.