News - 2025
പ്രധാനമന്ത്രിയെ സന്ദർശിച്ച് പാക്ക് മെത്രാൻ സമിതി: ഡാം നിർമ്മാണത്തിന് സഭയുടെ സഹായം
സ്വന്തം ലേഖകൻ 05-07-2019 - Friday
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ (പി.സി.ബി.സി) പ്രതിനിധി സംഘം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഡിയാമെര്‍ ബാഷാ, മൊഹ്മന്ദ് എന്നീ ഡാമുകളുടെ നിര്‍മ്മാണ ഫണ്ടിലേക്കു 56 ലക്ഷത്തോളം പാക്കിസ്ഥാനി റുപ്പിയുടെ ചെക്കാണ് മെത്രാൻ സമിതി കൈമാറിയത്. രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും, രാജ്യനന്മക്കായി സഭ നടത്തുന്ന നല്ല കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി പ്രതിനിധി സംഘം പ്രസ്താവിച്ചു.
ജൂലൈ 4ന് നടന്ന കൂടിക്കാഴ്ചയില്‍ ബിഷപ്പ് ജാംഷെഡ് തോമസിന് പുറമേ പാകിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ ജോസഫ് അര്‍ഷാദ്, ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ, മുള്‍ട്ടാനിലെ മെത്രാനായ ബെന്നി ട്രവാസ്, ഫൈസലാബാദിലെ നിയുക്ത ബിഷപ്പ് ഇന്‍ഡ്രിയാസ് റെഹ്മത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു. ഡാം നിർമ്മാണം പോലെയുള്ള ജനക്ഷേമകരമായ പദ്ധതിയെ സഹായിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇടവകകളില്‍ നിന്നും, സഭാ സ്കൂളുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നുമുള്ള തുകയാണിതെന്നും മെത്രാന്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ നടന്ന മെത്രാന്‍ സമിതിയുടെ യോഗത്തിലാണ് ഡാമുകളുടെ നിര്‍മ്മാണ ഫണ്ടിലേക്കുള്ള സംഭാവനകള്‍ പിരിക്കുവാനുള്ള തീരുമാനമായത്. കറാച്ചി, ഹൈദരാബാദ്, ക്വിറ്റാ, മുള്‍ട്ടാന്‍, ഫൈസലാബാദ്, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങിയ രൂപതകളില്‍ നിന്നുമാണ് സംഭാവനകള്‍ പിരിച്ചത്. പാക്കിസ്ഥാനില്‍ കത്തോലിക്കാ സഭ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചതായി മെത്രാന്‍മാര്‍ പറഞ്ഞു.
ഇന്‍ഡസ് നദിക്ക് കുറുകെയുള്ള ഡിയാമെര്‍ ബാഷാ ഡാമിന്റേയും, സ്വാത്ത് നദിക്ക് കുറുകെയുള്ള മൊഹ്മന്ദ് ഡാമിന്റേയും നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാറാണ് ജലദൗര്‍ലഭ്യത പരിഹരിക്കുവാന്‍ ഡാമുകള്‍ നിര്‍മ്മിക്കുവാനുള്ള പ്രചാരണത്തിനു തുടക്കമിട്ടത്. പ്രചാരണം ആരംഭിച്ച ഉടന്‍തന്നെ ലാഹോര്‍ അതിരൂപത പത്ത് ലക്ഷം പാക്കിസ്ഥാനി റുപ്പി സംഭാവന നൽകിയിരുന്നു.