Life In Christ
യുഎസ് നാവിക സേനാംഗങ്ങള്‍ക്കിടയില്‍ ബൈബിള്‍ പഠനം സജീവം
സ്വന്തം ലേഖകന്‍ 12-07-2019 - Friday
ഹോണോലുലു: മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, വ്യോമാക്രമണങ്ങളും കണ്ടു ശീലിച്ച അമേരിക്കയുടെ ഹവായി നാവികസേന ബേസിലെ നാവികസേന ചാപ്ലൈനായ ട്രെവോര്‍ കാര്‍പെന്ററെ ശ്രദ്ധേയനാകുന്നത് തന്റെ ബേസിലെ നാവിക ജീവനക്കാര്‍ക്ക് അദ്ദേഹം ആരംഭിച്ച ബൈബിള്‍ കോഴ്സിലൂടെയാണ്. എച്ച്.ഇ.എ.ആര്‍ (H.E.A.R- ഹൈലൈറ്റ്, എക്സ്പ്ലയിന്‍, അപ്ലൈ, റെസ്പോണ്ട്) എന്ന പ്രത്യേക പദ്ധതിയിലൂടെയാണ് അദ്ദേഹം ബൈബിള്‍ പഠിപ്പിക്കുന്നത്. ഏതാണ്ട് 70 നേവി ജീവനക്കാര്‍ക്കും അവരുടെ പത്നിമാര്‍ക്കും കാര്‍പെന്ററിന്റെ നേതൃത്വത്തില്‍ വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ഓരോ ബുധനാഴ്ച തോറും രാത്രിയില്‍ ഒന്നിച്ചു കൂടി തങ്ങള്‍ ആ വാരത്തില്‍ പഠിച്ച ബൈബിള്‍ ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും കോഴ്സിന്റെ ഭാഗമായി നടക്കുന്നുണ്ട്.
നാവികസേനാംഗങ്ങളെ ബൈബിള്‍ പഠിപ്പിക്കുന്നത് വഴി അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ശക്തരാവുകയും തങ്ങളുടെ സൈനീക ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് താന്‍ അവരെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നതെന്ന് ബാപ്റ്റിസ്റ്റ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ റവ. കാര്‍പെന്റര്‍ പറഞ്ഞു. തങ്ങളുടെ സൈനീക സേവനത്തിനു ശേഷം സുവിശേഷപ്രഘോഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് പലരും തന്നെ സമീപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥലംമാറ്റം ലഭിച്ചു ഹവായിയിലെത്തിയപ്പോള്‍ അവിടെവെച്ച് പരിചയപ്പെട്ട ചെറിയ വിശ്വാസി സമൂഹമാണ് ബൈബിള്‍ കോഴ്സ് ആരംഭിക്കുവാന്‍ കാര്‍പെന്ററെ പ്രേരിപ്പിച്ചത്. തങ്ങളെ ബൈബിള്‍ പഠിപ്പിക്കുവാന്‍ അവരില്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ആളുകള്‍ യേശുവിനെ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാലാണ് താന്‍ ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെന്നസ്സിയിലെ ഹെണ്ടേഴ്സന്‍വില്ലേയിലെ ലോങ്ങ് ഹോളോ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററായ റോബി ഗല്ലാട്ടി വികസിപ്പിച്ചെടുത്ത പ്രത്യേക ബൈബിള്‍ പാഠ്യപദ്ധതിയാണ് H.E.A.R.