India - 2025
സഭയുടെ കെട്ടുറപ്പിനു ഒറ്റക്കെട്ടായി നിലകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 13-07-2019 - Saturday
കൊച്ചി: വത്തിക്കാന്റെയും സീറോ മലബാര്‍ സഭ സിനഡിന്റെയും അതിരൂപത അധ്യക്ഷന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സഭയുടെ കെട്ടുറപ്പിനും അതിരൂപതയുടെ വളര്‍ച്ചയ്ക്കുമായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത നേതൃയോഗം. ആഗോള കത്തോലിക്കാ സഭയോടും സീറോ മലബാര്‍ സഭയോടും അതിരൂപതയോടുമുള്ള വിധേയത്വവും കൂറും എക്കാലവും നിലനിര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും കത്തോലിക്ക കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി.
ക്രൈസ്തവീകതയെ മുന്‍നിര്‍ത്തി പ്രാര്‍ഥനയിലും സാഹോദരസ്നേഹത്തിലും അധിഷ്ഠിതമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് ഈ കാലഘട്ടത്തില്‍ സഭയിലും സമൂഹത്തിലും അഭികാമ്യമായിട്ടുള്ളത്. സഭയുടെ കൂട്ടായ്മയ്ക്കും ഒത്തൊരുമയ്ക്കും ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കും. കത്തോലിക്കാ വിശ്വാസികളുടെ ഐക്യവും കൂട്ടായ്മയും അനുസരണവും ശിഥിലമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ നിലപാടുകളോ ഒരുരീതിയിലും അംഗീകരിക്കില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേതൃയോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍മായ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃനിരയിലുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ബെന്നി ആന്റണി (കണ്‍വീനര്‍), ബേബി പൊട്ടനാനി (ട്രഷറര്‍) എന്നിവരെ യോഗം അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബെന്നി പൊട്ടനാനി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, കെസിഎഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, അതിരൂപത ഭാരവാഹികളായ ബാബു ആന്റണി, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, പോള്‍ ചെതലന്‍, ആന്റണി പാലമറ്റം, എ.വി. ഫ്രാന്‍സിസ്, എസ്.ഐ. തോമസ്, കെ.പി. ജോസ്, ജേക്കബ് മഞ്ഞളി, ജോസ് ആന്റണി, ബിജു നെറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
