India - 2024

സിനഡിനും കര്‍ദ്ദിനാളിനും ഒപ്പം: വിമത സമരത്തെ എതിര്‍ക്കുമെന്ന് അല്‍മായ നേതൃത്വം

സ്വന്തം ലേഖകന്‍ 20-07-2019 - Saturday

കൊച്ചി: പരിശുദ്ധ സിംഹാസനത്തെ വെല്ലുവിളിച്ചുകൊണ്ടു എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന സമരത്തെ എതിര്‍ക്കുമെന്നും സഭയുടെയും സിനഡിന്റെയും തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അല്‍മായ സംഘടനാ നേതാക്കള്‍. സഭയ്ക്കും സിനഡിനും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പിന്തുണ പ്രഖ്യാപിച്ച വിവിധ അല്മായ സംഘടനാ നേതാക്കള്‍ അതിരൂപത കാര്യാലയത്തിലേക്കു പ്രകടനം നടത്തി.

സീറോ മലബാര്‍സഭ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലിന്റെ മുഖ്യ നേതൃത്വത്തില്‍ നടത്തിയ പ്രകടനം ഗേറ്റിനു മുന്നില്‍ അവസാനിപ്പിച്ചു. വൈദികര്‍ നടത്തുന്ന സമരം അപലപനീയമാണെന്നും സഭയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സീറോ മലബാര്‍സഭാ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ വ്യക്തമാക്കി. സഭ ഏതു തീരുമാനമെടുത്താലും കൂടെ നില്‍ക്കാന്‍ വിശ്വാസികള്‍ തയാറാണ്. വിശ്വാസത്തെ വെല്ലുവിളിച്ചുള്ള ഒരു പ്രവര്‍ത്തനത്തിനും വിശ്വാസികളില്ലായെന്നും നേതാക്കള്‍ വ്യക്തമാക്കി.

ബെന്നി ആന്റണി (എകെസിസി), സെബാസ്റ്റ്യന്‍ വടശേരി ( കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ്), ബേബി പൊട്ടനാനി (എകെസിസി അതിരൂപത ട്രഷറര്‍), പ്രിന്‍സ് പള്ളത്ത് (മുന്‍ കെസിവൈഎം ഭാരവാഹി), ബെന്നി തോമസ് (പറവൂര്‍ നഗരസഭാ കൗണ്‍സിലര്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), സെബി കൂട്ടുങ്കല്‍ (കെസിവൈഎം മുന്‍ ഭാരവാഹി), സ്‌കറിയ കട്ടിക്കാരന്‍, തോമസ് പാലയ്ക്കപ്പിള്ളി, കെ.ആര്‍. സണ്ണി, ജോണ്‍സണ്‍ കോണിക്കര തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.


Related Articles »