India - 2024

അതിരൂപതയിലെ സമരം മര്യാദകളുടെ ലംഘനം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 22-07-2019 - Monday

കൊച്ചി: അതിരൂപത കാര്യാലയത്തിനുള്ളില്‍ വൈദികര്‍ സമരം നടത്തിയത് മര്യാദകളുടെ ലംഘനമാണെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ നേതൃസംഗമം. സഭയേയും സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഭാ സിനഡിനോട് ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭയുടെ ഒരു രൂപതയില്‍ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഭാരത സഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട വൈദികര്‍ തന്നെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സഭയുടെ കൂട്ടായ്മയ്ക്കായി നടത്തുന്ന ശ്രമങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന നിലപാട് തുടര്‍ന്നുണ്ടാകരുതെന്ന് യോഗം നിര്‍ദേശിച്ചു. സഭയുടെയും സമുദായത്തിന്റെയും സംരക്ഷണം കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ സഭയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു.

ജന. സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. സമ്മേളനത്തില്‍ അഡ്വ. ജോജി ചിറയില്‍, അഡ്വ. ജോസ് വിതയത്തില്‍, ഷെവ. സിബി വാണിയപുരയ്ക്കല്‍, അഡ്വ. വര്‍ഗീസ് കോയിക്കര, പി.ഐ. ലാസര്‍, റോസിലി പോള്‍ തട്ടില്‍, പി.ജെ. പാപ്പച്ചന്‍, പ്രഫ. ജോയ് മുപ്രപ്പള്ളി, സാജു അലക്‌സ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, റിന്‍സന്‍ മണവാളന്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, തോമസ് പീടികയില്‍, വിവിധ രൂപത ഭാരവാഹികളായ ഫ്രാന്‍സീസ് മൂലന്‍, ബേബി പെരുമാലി, അഡ്വ. ബിജു കുണ്ടുകുളം, ജോമി ജോസഫ്, ജോസുകുട്ടി മാടപ്പിള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, ദേവസി കൊണ്ടോല, എന്നിവര്‍ പ്രസംഗിച്ചു.


Related Articles »