India - 2025
അല്‍ഫോന്‍സാമ്മ തിന്മയ്ക്കെതിരേ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്താന്‍ ഓര്‍മ്മപ്പെടുത്തുന്നു: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
24-07-2019 - Wednesday
ഭരണങ്ങാനം: തിന്മയ്ക്കെതിരേ നിരന്തരമായ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്താന്‍ അല്‍ഫോന്‍സാമ്മ നമ്മെ ആഹ്വാനം ചെയ്യുകയാണെന്ന്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വര്‍ഗീയ ജീവിതയാത്രയില്‍ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന തിന്മകളുടെ മേല്‍ അല്‍ഫോന്‍സാമ്മ വിജയം വരിച്ചതാണ് ഇന്നു വിശുദ്ധയെ ലോകം ആദരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാത്യു പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് കാഞ്ഞിരപ്പള്ളിയില്‍, ഫാ. ജയിംസ് പൊരുന്നോലില്‍, ഫാ.ജയിംസ് പന്നാങ്കുഴി, റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇന്നു രാവിലെ 11ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. പുലര്‍ച്ചെ 5.15നും 6.30നും8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം.
