News - 2024

വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സമൂഹം ആക്രമിക്കപ്പെടുന്നതിൽ ആശങ്കയുമായി മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 24-07-2019 - Wednesday

ജെറുസലേം: തീവ്ര യഹൂദ സംഘടനകൾ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ നടത്തുന്ന ആക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍. ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് മെത്രാന്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗലീലിയില്‍ ക്രൈസ്തവ വിശ്വാസികളുടെ വാഹനങ്ങളിൽ അജ്ഞാതർ ഹീബ്രു ഭാഷയിൽ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവമാണ് തീവ്ര യഹൂദ നിലപാട് ഉയര്‍ത്തുന്നവര്‍ നടത്തിയ ഒടുവിലത്തെ ആക്രമണം.

ജൂലൈ പന്ത്രണ്ടിന് ജറുസലേമിലെ ബെയ്റ്റ് ഹനീനയിലെ സെന്‍റ് ജെയിംസ് ദേവാലയത്തിൽ സമ്മേളിച്ചവർക്കു നേരെ യഹൂദ സംഘം തക്കാളികൾ വലിച്ചെറിഞ്ഞു പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിരിന്നു. വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദുഃഖം പങ്കുവെയ്ക്കുന്നതോടൊപ്പം പരാതികളിൽ നടപടിയെടുക്കണമെന്ന ആവശ്യമാണ് ജൂലൈ പത്തൊൻപതിനു പുറത്തിറക്കിയ പ്രസ്താവനയില്‍ വിശുദ്ധ നാട്ടിലെ മെത്രാന്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. .

2012 ഫെബ്രുവരിയിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങൾക്കും സെമിത്തേരികള്‍ക്കും നേരെ പ്രൈസ് ടാഗ് എന്ന പേരിൽ ഒരു സംഘം ആക്രമണങ്ങൾ നടത്തുവാന്‍ ആരംഭിച്ചത്. യഹൂദ സമൂഹത്തിൽ തന്നെ വംശീയ വേർതിരിവുകൾക്കു വഴിയൊരുക്കുന്ന കുറ്റകൃത്യങ്ങൾ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുകയാണ്. ക്രൈസ്തവ മുസ്ലിം വിരുദ്ധ നീക്കവുമായി മുന്നേറുന്ന സംഘടനകൾ അപകടമാണെന്ന സന്ദേശം ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തെ അറിയിക്കുവാൻ മൂന്നു വര്‍ഷം മുന്‍പ് ഇസ്രായേൽ റബ്ബികളുടെ മനുഷ്യാവകാശ സംഘടനയും രംഗത്തുവന്നിരിന്നു.


Related Articles »