India - 2025
അല്‍ഫോന്‍സാമ്മ പരിധിയില്ലാതെ സ്‌നേഹിച്ച വ്യക്തി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
സ്വന്തം ലേഖകന്‍ 25-07-2019 - Thursday
ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ പരിധി വയ്ക്കാതെ സ്‌നേഹിച്ച വ്യക്തിയാണെന്നും തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം പ്രത്യേകമായി സ്‌നേഹിക്കുകയായിരിന്നുവെന്നും കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ആറാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരാതികളില്ലാതെ സഹിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞെന്നും ഈശോയോടുള്ള സ്‌നേഹംമൂലമാണ് അല്‍ഫോന്‍സാമ്മയ്ക്കു ഇതിനു കഴിഞ്ഞതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വിവിധ സമയങ്ങളില്‍ ഫാ. ജോസഫ് കിഴക്കേക്കര, ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വിസി, ഫാ. തോമസ് കിഴിക്കേക്കൊല്ലിത്താനം, ഫാ. തോമസ് തയ്യില്‍, ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു ഫാ. ജോസഫ് അന്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ 11ന് സത്‌ന ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
