India - 2025
'തടസങ്ങളെ പ്രത്യാശയോടെ നേരിട്ടു വിജയിച്ചവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ'
സ്വന്തം ലേഖകന്‍ 26-07-2019 - Friday
ഭരണങ്ങാനം: ദൈവവിളിയില്‍ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ടു വിജയിച്ചവളാണു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‍ സത്‌നാ രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ഭാഗമായി ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിനു പ്രത്യാശയുടെ വാതിലാണു വിശുദ്ധ അല്‍ഫോന്‍സാമ്മ. നമ്മെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും ശാന്തത വെടിയാതെ പ്രത്യാശയോടെ നീങ്ങുവാന്‍ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുകയാണെന്നും മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ഓര്‍മ്മിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, റവ.ഡോ.ജോസഫ് പുരയിടത്തില്‍, റവ.ഡോ.ആന്റണി പെരുമാനൂര്‍, വികാരി ജനറാള്‍ റവ.ഡോ.ജോസഫ് മലേപ്പറന്പില്‍, ഫാ. ജോസഫ് ഇടത്തുംപറന്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ റംശാ പ്രാര്‍ഥനയ്ക്കു ഫാ. ചെറിയാന്‍ മൂലയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍ കാര്‍മികത്വം വഹിച്ചു. ഇന്നു പുലര്‍ച്ചെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.
