Arts - 2024

കാസ ഉയര്‍ത്തുന്ന അതേ കൈയില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ഫാ. വിമല്‍

സ്വന്തം ലേഖകന്‍ 31-07-2019 - Wednesday

കല്‍പ്പറ്റ: റൊഗേഷനിസ്റ്റ് സഭാംഗമായ വൈദികന്റെ ജീവന്‍ തുടിക്കുന്ന ചിത്ര രചനകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മാനന്തവാടി റൊറാത്തെ ഭവന്‍ സെമിനാരിയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. വിമല്‍ കല്ലൂക്കാരന്‍ എന്ന യുവ വൈദികന്റെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായ, എണ്ണച്ഛായ സൃഷ്ടികളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രരചനാസങ്കേതങ്ങള്‍ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവന്‍ തുടിക്കുന്നതാണ് ഫാ.വിമല്‍ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങള്‍. എണ്ണച്ചായത്തില്‍ തീര്‍ത്ത ക്രിസ്തുവിന്റെ അന്ത്യത്താഴ ദൃശ്യമാണ് രചനകളില്‍ എറ്റവും ആനന്ദം പകര്‍ന്നതെന്നു ഫാ.വിമല്‍ പറയുന്നു.

ആറടി നീളവും നാലടി വീതിയുമുള്ള ഈ ചിത്രം ആലുവ റൊഗാത്തെ ആശ്രമത്തിനാണ് നല്‍കിയത്. ഫാ.വിമല്‍ ബാലനായിരിക്കുമ്പോള്‍ നോട്ടുബുക്കിന്റെ താളുകളില്‍ തുടങ്ങിയതാണ് ചിത്രംവര. മുതിര്‍ന്നപ്പോള്‍ നിരന്തര പ്രയത്‌നത്തിലൂടെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ചായ,എണ്ണച്ചായ സൃഷ്ടികളിലും തന്റെ കഴിവ് പ്രകടമാക്കുകയായിരിന്നു. വയനാട്ടില്‍ വന്നതിനുശേഷമുള്ള രചനകളില്‍ വയനാടന്‍ പ്രകൃതി വലിയ സ്വാധീനം ചെലുത്തുന്നുണ്ടന്നു ഫാ.വിമല്‍ പറഞ്ഞു. അങ്കമാലി കോക്കുന്നു കല്ലൂക്കാരന്‍ വര്‍ഗീസ്‌മേരി ദമ്പതികളുടെ മകനാണ് ഫാ.വിമല്‍. 2015ലാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്.


Related Articles »