News - 2025
മലേഷ്യക്ക് ആദ്യമായി ബസിലിക്ക
സ്വന്തം ലേഖകന്‍ 02-08-2019 - Friday
ക്വാലലംപൂര്‍: മലേഷ്യന്‍ സഭയുടെ ചരിത്രത്തിലാദ്യമായി ബസിലിക്ക പദവിയിലുള്ള ദേവാലയത്തിന് അംഗീകാരം നല്‍കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നതായി സൂചന. പെനാങ് സ്ഥാനത്തെ പ്രശസ്തമായ സെന്റ് ആൻ ബുക്കിറ്റ് മെർതജം ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. വത്തിക്കാൻ അംഗീകാരം ലഭിച്ചാൽ ഉടനടി സെന്റ് ആൻ ദേവാലയം മലേഷ്യയിലെ ആദ്യ ബസിലിക്കയായി മാറും. ഈ വർഷമാദ്യം റോമിലേക്ക് ഇതിനുവേണ്ടിയുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് പെനാങ് രൂപതയുടെ ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് പറഞ്ഞു.
ഇതേ തുടര്‍ന്നു മലേഷ്യ, സിംഗപ്പൂർ, ബ്രൂണ മെത്രാൻ സമിതികളിലെ 10 ബിഷപ്പുമാരുടെയും പിന്തുണ തേടാൻ വത്തിക്കാൻ മറുപടിയായി ആവശ്യപ്പെട്ടിരിന്നു. ജൂലൈ മാസമാദ്യം മെത്രാൻ സമിതി അംഗങ്ങൾ ഏകകണ്ഠമായി ഇതിന് പച്ചക്കൊടി കാട്ടിയെന്നു അദ്ദേഹം വിശുദ്ധ അന്ന- ജോവാക്കിം തിരുനാൾ ദിനത്തില്‍ നടത്തിയ വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. വത്തിക്കാനിലേക്ക് അയക്കാനുള്ള രേഖകളെല്ലാം ഉടനടി തയ്യാറാക്കുമെന്നും സെന്റ് ആൻ ബുക്കിറ്റ് ദേവാലയത്തിന്റെ ഇടവക അധ്യക്ഷന്‍ പദവി കൂടിയുള്ള അദ്ദേഹം കൂട്ടിച്ചേർത്തു.
1846ൽ ഫ്രഞ്ച് മിഷ്ണറികളാണ് സെന്റ് ആൻ ബുക്കിറ്റ് മെർതജം ദേവാലയം പണി കഴിപ്പിച്ചത്. 2012ലാണ് ദേവാലയം ഒരു ബസിലിക്കയായി ഉയർത്താനുള്ള ചർച്ചകൾ ആദ്യമായി ആരംഭിച്ചത്. ആരംഭ ഘട്ടത്തില്‍ കത്തീഡ്രലായി ഉയർത്താനായിരുന്നു പദ്ധതിയെങ്കിലും തീർത്ഥാടന കേന്ദ്രമായതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ചില വൈദികരാണ് ദേവാലയം ബസിലിക്കയായി മാറ്റാമെന്ന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്. അന്ന് മലേഷ്യയിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് സാൽവദോർ മാരിനോയും ഇതിന് പിന്തുണ നൽകിയിരുന്നു.