News - 2024

ഗര്‍ഭഛിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ നിലയില്‍: ജോര്‍ജ്ജിയയില്‍ അബോര്‍ഷന്‍ വിരുദ്ധ തരംഗം

സ്വന്തം ലേഖകന്‍ 02-08-2019 - Friday

അറ്റ്‌ലാന്റ, ജോര്‍ജ്ജിയ: ഗര്‍ഭസ്ഥശിശുവില്‍ ഹൃദയമിടിപ്പ്‌ തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഭ്രൂണഹത്യ വിലക്കികൊണ്ടുള്ള ഹാര്‍ട്ട്ബീറ്റ് ബില്‍ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയ പാസ്സാക്കുന്നതിനു മുന്‍പ് തന്നെ സംസ്ഥാനത്തെ അബോര്‍ഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. അറ്റ്ലാന്റ മെട്രോപ്പോളിറ്റനിലെ ദിനപത്രമായ ‘അറ്റ്ലാന്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റ്യൂഷ’നാണ് (എ.ജെ.സി) ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോര്‍ജ്ജിയയിലെ പൊതു ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ അബോര്‍ഷന്‍ നിരക്ക് കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നത് ശ്രദ്ധേയമാണ്.

1994-ല്‍ 33,500 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 2017 ആയപ്പോഴേക്കും 27,453 ആയി കുറഞ്ഞു. 2014-ല്‍ 10നും 55നും ഇടക്ക് പ്രായമുള്ള 1000 സ്ത്രീകളില്‍ പ്രതിവര്‍ഷം 13.7 എന്ന തോതില്‍ അബോര്‍ഷനുകള്‍ നടന്നിരുന്നിടത്ത് 2017 ആയപ്പോഴേക്കും ഇതേ പ്രായപരിധിയിലുള്ള 1000 സ്തീകളില്‍ പ്രതിവര്‍ഷം 8.3 അബോര്‍ഷനുകളായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ ജോര്‍ജ്ജിയയിലെ ജനസംഖ്യ 70 ലക്ഷത്തില്‍ നിന്നും 1.4 കോടിയായി ഉയര്‍ന്നുവെങ്കിലും അബോര്‍ഷന്റെ നിരക്ക് കുറയുകയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്ന് അബോര്‍ഷന്‍ അനുകൂല ഗവേഷണ സ്ഥാപനമായ ഗുട്ട്മാച്ചെറും സമ്മതിക്കുന്നുണ്ട്. 2011-നും 2014-നും ഇടക്ക് ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിരക്കില്‍ 7 ശതമാനത്തിന്റെ കുറവ് വന്നിട്ടുള്ളതായി ഗുട്ട്മാച്ചെറിന്റെ കണക്കുകളില്‍ പറയുന്നു. ഇക്കാലയളവില്‍ പ്രത്യുല്‍പ്പാദന ശേഷിയുള്ള 1000 സ്ത്രീകളില്‍ 16.8 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 15.7 ആയി കുറഞ്ഞുവെന്നാണ് ഗുട്ട്മാച്ചെര്‍ പറയുന്നത്. അമേരിക്കയിലെ മൊത്തം ഗര്‍ഭഛിദ്ര കേസുകളില്‍ 3.6 ശതമാനവും ജോര്‍ജ്ജിയയിലാണ് നടന്നിരുന്നതെന്നും, അബോര്‍ഷന്‍ അവകാശങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ ശക്തമായി നിലപാടെടുത്തതുമാണ് ഇതിനു കാരണമായി അവര്‍ വിലയിരുത്തുന്നത്.

2010-നും 2016-നും ഇടയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 338 അബോര്‍ഷനെ നിയന്ത്രണ ബില്ലുകളാണ് പാസ്സായതെന്നും ഗുട്ട്മാച്ചെര്‍ ചൂണ്ടിക്കാട്ടുന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് ഈ വാര്‍ത്തയെ കണ്ടുവരുന്നത്. ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെ രംഗത്ത് വന്ന പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷന്‍ കുത്തനെ ഇടിഞ്ഞതും രാജ്യത്തെ പ്രോലൈഫ് നയം വിജയിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.


Related Articles »