News - 2024

ആഗോള വൈദികര്‍ക്ക് നന്ദി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്

സ്വന്തം ലേഖകന്‍ 05-08-2019 - Monday

വത്തിക്കാന്‍ സിറ്റി: ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ 160-മത് ഓര്‍മ്മത്തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ആഗോള വൈദികര്‍ക്ക് നന്ദി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ്‌ 4 ഞായറാഴ്ച പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ആഗോള വൈദികര്‍ക്ക് പ്രോത്സാഹനവും നന്ദിയും അര്‍പ്പിച്ചത്. ലോകം മുഴുവനുമുള്ള രൂപതാ, സന്യാസ സഭാ പുരോഹിതര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കത്തെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലും, അപകടകരവുമായ സാഹചര്യങ്ങളിലും വിശ്വസ്തതയോടും കൂടെ ദൈവവേല ചെയ്യുന്ന പുരോഹിതര്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും എന്ന് പാപ്പ ചൂണ്ടിക്കാട്ടുന്നു.

കഷ്ടതകളുടെ അവസ്ഥയില്‍ ഇരുന്നുകൊണ്ട് ദൈവവേല ചെയ്യുന്ന ഓരോ പുരോഹിതനേയും വാഗ്ദാനത്തിന്റെ നിറകുടമായ കന്യകാമാതാവിനോടൊപ്പം കര്‍ത്താവിനെ സ്തുതിക്കുവാന്‍ പാപ്പ ക്ഷണിക്കുന്നു. പരീക്ഷണ ഘട്ടങ്ങളില്‍, നമ്മള്‍ ദൈവവിളി അനുഭവിക്കുകയും അതനുസരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തതു പോലെയുള്ള തിളക്കമാര്‍ന്ന നിമിഷങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് വേണ്ടതെന്നും പാപ്പ പറയുന്നു. 'സഹോദരന്‍മാരേ നമുക്ക് നമ്മുടെ ബലഹീനതകള്‍ അംഗീകരിക്കാം. ഇവയെല്ലാം യേശുവിന് സമര്‍പ്പിച്ചുകൊണ്ട് പുതിയൊരു ദൗത്യത്തിനായി നമുക്ക് ഇറങ്ങാം' എന്നാശംസിച്ചുകൊണ്ടാണ് പാപ്പ തന്‍റെ കത്ത് ചുരുക്കുന്നത്.


Related Articles »