News - 2025
ദൈവം, ക്രിസ്തു, ബൈബിൾ പദങ്ങള്‍ നീക്കി ചൈനീസ് സർക്കാർ
സ്വന്തം ലേഖകന്‍ 07-08-2019 - Wednesday
ബെയ്ജിംഗ്: സ്കൂളുകളിലെ പുസ്തകങ്ങളിൽ നിന്ന് വിശ്വാസപരമായ പദങ്ങൾ നീക്കംചെയ്ത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ മതങ്ങളുടെ മേലുള്ള അടിച്ചമർത്തൽ തുടരുന്നു. മത പീഡനങ്ങളുടെ കണക്കെടുക്കുന്ന ബർണബാസ് ഫണ്ടിന്റെ റിപ്പോർട്ടനുസരിച്ച് ദൈവം, ക്രിസ്തു, ബൈബിൾ തുടങ്ങിയ പദങ്ങൾ 'റോബിൻസൺ ക്രൂസോ', 'ദി ലിറ്റിൽ മാച്ച് ഗേൾ' തുടങ്ങിയ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പ്രസ്തുത പുസ്തകങ്ങള്‍ ചൈനയെ കൂടാതെ ഇതര സംസ്കാരങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ പുറത്തിറക്കിയതായിരിന്നുവെന്ന്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരിന്നു.
ഡാനിയൽ ഡീഫോയുടെ റോബിൻസൺ ക്രൂസോ നോവലിൽ ദ്വീപിൽ കഴിയുന്ന കാലഘട്ടത്തിൽ കപ്പൽ അവശിഷ്ടങ്ങളിൽ നിന്നും മൂന്ന് ബൈബിളുകൾ ക്രൂസോ കണ്ടെത്തുന്നതായുള്ള സുപ്രധാന ഭാഗമുണ്ട്. ഈ ബൈബിളുകൾ പിന്നീട് ദ്വീപിലെ തന്റെ ജീവിതത്തിൽ റോബിൻസൺ ക്രൂസോയ്ക്ക് നവോത്മേഷം നല്‍കുകയും ആത്മീയ ധൈര്യം പകർന്നു നൽകുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ബൈബിളുകൾ കണ്ടെത്തി എന്നതിന് പകരം 'ചില പുസ്തകങ്ങൾ ക്രൂസോ കണ്ടെത്തി' എന്ന വിധത്തിലുള്ള തിരുത്തലാണ് സർക്കാർ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ആത്മീയ പുസ്തകങ്ങളാണ് അദ്ദേഹം കണ്ടെത്തിയതെന്ന ഒരു സൂചനയും പുതിയ പുസ്തകത്തിലില്ല. 'ദി ലിറ്റിൽ മാച്ച് ഗേൾ' എന്ന പുസ്തകത്തിൽ 'നക്ഷത്രം താഴേക്ക് വീഴുമ്പോൾ, ദൈവത്തോട് കൂടിയായിരിക്കാൻ ഒരു ആത്മാവ് യാത്രയാകുന്നു' എന്നൊരു ഭാഗമുണ്ട്. എന്നാൽ ചൈനീസ് പതിപ്പിൽ നക്ഷത്രം താഴേക്ക് വീഴുമ്പോൾ, ഒരു ആത്മാവ് ഈ ലോകം വിട്ട് പോകുന്നു എന്ന വിധമാക്കിയാണ് തിരുത്തിയിരിക്കുന്നത്. ഇതിന് സമാനമായി ആന്റൺ ചെക്കോവ് എന്ന എഴുത്തുകാരന്റെ 'വാങ്ക' എന്ന നോവലിൽ നിരവധി തവണ ഉപയോഗിച്ചിരിക്കുന്ന 'ക്രിസ്തു' എന്ന പദവും നീക്കം ചെയ്തിട്ടുണ്ട്.
![](/images/close.png)