India - 2025
മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി 90 കുടുംബങ്ങള്‍ക്ക് ഭവനം
സ്വന്തം ലേഖകന്‍ 14-08-2019 - Wednesday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി അതിരൂപതയിലെ 90 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതി അതിരൂപത ആവിഷ്‌കരിച്ചു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ ഇന്ന് അതിരൂപത കേന്ദ്രത്തില്‍ ജന്മദിനം നടത്തും. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു.
1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.
